അലങ്കാര മത്സ്യങ്ങളെ പിടിക്കരുതെന്ന് കേന്ദ്രം: ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍

single-img
10 June 2017

അലങ്കാര മത്സ്യങ്ങളെ പിടിക്കുന്നതിനും വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മത്സ്യത്തൊഴിലാളികളും അലങ്കാര മത്സ്യവില്‍പ്പനക്കാരും രംഗത്ത്. നിയമം നടപ്പാക്കിയാല്‍ കേരളത്തിലെ ഭൂരിപക്ഷം അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങളും പ്രതിസന്ധിയിലാകും. നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ വ്യവസായം എന്നനിലയില്‍ അവ പ്രവര്‍ത്തിപ്പിക്കാനാവില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങളും ചെറുകിട സംരംഭങ്ങളാണ്. ഇവയെല്ലാം പൂട്ടേണ്ടിവരും. ഇതോടെ നിരവധി പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുമെന്നാണ് ആശങ്ക.

പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ അലങ്കാരമത്സ്യക്കൃഷിരംഗത്ത് വലിയ കുതിപ്പുണ്ടായിരുന്നു. ആയിരങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന മേഖലയായി അത് മാറി. പ്രദര്‍ശനങ്ങളിലൂടെയാണ് പ്രധാനമായും മത്സ്യങ്ങളെ വിറ്റഴിച്ചിരുന്നത്. വിദേശരാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള വ്യവസായരംഗമാണിത്.

അക്വേറിയങ്ങളും അലങ്കാര മത്സ്യ വിപണനശാലകളും മുഴുവന്‍ സമയ വെറ്ററിനറി ഡോക്ടറെയോ മത്സ്യങ്ങളെക്കുറിച്ചറിയുന്ന വിദഗ്ധനെയോ നിയമിക്കണമെന്നാണ് കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നത്. അയാള്‍ക്ക് സഹായിയെയും നിയമിക്കണം. രണ്ടാം ഷെഡ്യൂളില്‍ പെടുത്തിയ മത്സ്യങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന മൂലം ഏറെ വിറ്റഴിക്കപ്പെടുന്ന എയ്ഞ്ചല്‍ മത്സ്യം, ബട്ടര്‍ഫ്‌ലൈ മത്സ്യം തുടങ്ങിയവയെ പോലും വില്‍ക്കാനാകാത്ത അവസ്ഥ വരുമെന്നാണ് അലങ്കാര മത്സ്യ വില്‍പ്പനക്കാര്‍ പറയുന്നത്.

സ്ഫടികഭരണികളില്‍ ഒറ്റ മത്സ്യത്തെ വില്‍ക്കുന്ന രീതി വ്യാപകമാണ്. ഇത് നിരോധിച്ചു. അക്വേറിയങ്ങളില്‍ മത്സ്യങ്ങള്‍ക്കൊപ്പം മറ്റ് വളര്‍ത്തുമൃഗങ്ങളെയോ പക്ഷികളെയോ പരിപാലിക്കരുതെന്നും വില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ചുരുക്കത്തില്‍ ഇത് അക്വേറിയം നടത്തിപ്പും അലങ്കാര മത്സ്യവില്‍പ്പനയും സ്തംഭിപ്പിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി.