കശാപ്പ് നിരോധനത്തിനുള്ള ഉത്തരവ് കത്തിച്ച് ഡൽഹിയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രതിഷേധം

single-img
10 June 2017

കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചുകൊണ്ട് സി പി ഐ (എം) അനുകൂല സംഘടനകളുടെ പ്രതിഷേധം. സി പി ഐ എമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടേ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിലാണു കേന്ദ്രസർക്കാർ ഉത്തരവ് കത്തിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നുമണിക്ക് ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ ഓൾ ഇന്ത്യാ കിസാൻ സഭയുടെ സെക്രട്ടറി ഹന്നാൻ മൊല്ല, ജോയിൻ സെക്രട്ടറി വിജൂ കൃഷ്ണൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി ആനി രാജ , ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധവ്ലേ  തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

കന്നുകാലിവളർത്തലിനെ ആശ്രയിച്ചുകഴിയുന്ന കർഷകരെ ദുരിതത്തിലാഴ്ത്തുന്നതാണു ഉത്തരവെന്ന് കാണിച്ചായിരുന്നു സമരം.

“ഇതു തികച്ചും കർഷകവിരുദ്ധമായ ഉത്തരവാണു. കന്നുകാലികളുടെ പാൽ വിറ്റു ജീവിക്കുന്ന കർഷകർ കറവവറ്റിയ  കാലികളെ ചന്തയിൽ കശാപ്പിനായി വിറ്റാണു അടുത്ത കന്നുകുട്ടികളെ വാങ്ങുന്നത്. കാലിസമ്പത്ത് കർഷകർക്കു ഒരു ഇൻഷ്വറൻസ് പോലെയാണു. ഈ നിരോധനത്തിലൂടെ കേന്ദ്രസർക്കാർ കർഷകരെ ചതിച്ചിരിക്കുകയാണു. ഈ വരുന്ന ജൂൺ 13-നു മഹാരാഷ്ട്രയിൽ റെയിൽഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് കർഷകർ വലിയ പ്രക്ഷോഭം ആരംഭിക്കാൻ പോകുകയാണു,” ഹന്നാൻ മൊല്ല പറഞ്ഞു.

ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് പോഷകാഹാരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണു മാട്ടിറച്ചിയെന്നും അത് തദ്ദേശീയരെ ഭക്ഷിക്കാൻ അനുവദിക്കാത്ത കേന്ദ്രസർക്കാർ ഇതേ മാട്ടിറച്ചി സൌദി അറേബ്യ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കുന്ന വലിയ കമ്പനികളെ സഹായിക്കുകയാണെന്നും സി പി എം കേന്ദ്രക്കമ്മിറ്റിയംഗമായ സുനീത് ചോപ്ര പറഞ്ഞു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറി കൂടിയാണു സുനീത് ചോപ്ര.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമാണു ഈ ഉത്തരവെന്നും ഇതൊരിക്കലും അനുവദിക്കാനാകില്ലെന്നും ആനി രാജ പറഞ്ഞു.

“കേന്ദ്രസർക്കാർ അവരുടെ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു.  മധ്യപ്രദേശിലും പഞ്ചാബിലും തമിഴ്നാട്ടിലുമെല്ലാം അവർ ചെയ്തത് കണ്ടില്ലേ?,” മറിയം ധവ്ല ചോദിച്ചു.

രാജ്യത്തു തെരുവിൽ അലഞ്ഞു നടക്കുന്ന ലക്ഷക്കണക്കിനു ഉപയോഗമില്ലാത്ത കാലികൾ കർഷകരുടെ കൃഷിസ്ഥലമടക്കം നശിപ്പിക്കുകയാണെന്നു വിജൂകൃഷ്ണൻ ആരോപിച്ചു. ഈ കന്നുകാലികളെയെല്ലാം പിടിച്ചു കളക്ട്രേറ്റുകളിലും ബിജെപി-ആർ എസ് എസ് കാര്യാലയങ്ങളിലും കൊണ്ടു കെട്ടുമെന്നും അദ്ദേഹം പറഞ്ഞു.