ഫെയ്‌സ്ബുക്ക് സുരക്ഷയില്‍ പുതിയ ആശങ്ക; സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലൂടെ ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നു

single-img
10 June 2017

സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലൂടെ ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നു. ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച പേറ്റന്റ് രേഖയിലാണ്സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലൂടെയും വെബ് ക്യാമറകളിലൂടെയും ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നതായുള്ള വിവരങ്ങളുള്ളത്. ഉപഭോക്താക്കളുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ സേവനങ്ങള്‍ ക്രമീകരിക്കുന്നതിനായുള്ള സാങ്കേതിക വിദ്യയ്ക്കുള്ള (Techniques for emotion detection and content delivery) പേറ്റന്റിനാണ് ഫെയ്‌സ്ബുക്ക് അപേക്ഷ നല്‍കിയത്. 2015 നവംബര്‍ 24ന് ഫയലില്‍ സ്വീകരിച്ച പേറ്റന്റ് അപേക്ഷയ്ക്ക് 2017 മെയ് 25 അനുമതി നല്‍കിയെന്ന് സിബി ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് ടൈം ലൈനില്‍ വ്യത്യസ്തങ്ങളായ വിവരങ്ങള്‍ തെളിയുമ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടാവുന്ന ഭാവചലനങ്ങള്‍ നിരീക്ഷിക്കാനാണ് ഫേസ്ബുക്ക് പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വരുന്ന ഉള്ളടക്കം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെടും. നിങ്ങളുടെ ഒരു ഫേസ്ബുക്ക് സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഭാവങ്ങള്‍ ഫെയ്‌സ്ബുക്ക് നിരീക്ഷിക്കും. ഉദാഹരണത്തിന് നിങ്ങള്‍ ചിരിക്കുകയാണെങ്കില്‍ സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന മറ്റുചിത്രങ്ങള്‍ കൂടി നിങ്ങളുടെ ന്യൂ ഫീഡില്‍ പ്രദര്‍ശിപ്പിക്കും. ഇനി ഏതെങ്കിലും പോസ്റ്റുകളോട് നിങ്ങള്‍ മുഖം തിരിക്കുകയാണെങ്കില്‍ സമാനമായ പോസ്റ്റുകള്‍ നിങ്ങളുടെ ന്യൂസ്ഫീഡില്‍ കാണിക്കാതെ ഫേസ്ബുക്ക് തടയുകയും ചെയ്യും.

നിലവില്‍ നിങ്ങളുടെ ഫേസ്ബുക്ക് ക്ലിക്കുകളും സെര്‍ച്ചുകളുമെല്ലാം ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ഇതിനനുസരിച്ചാണ് നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ തെളിയുന്നത്. മുഖഭാവം നിരീക്ഷിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന മെസേജുകളും സ്‌മൈലികളും നിരീക്ഷിച്ച് നിങ്ങളുടെ മാനസികാവസ്ഥ പ്രവചിക്കുകയും അതിനനുസരിച്ച് മെസേജിങ് സാങ്കേതിക വിദ്യക്ക് നിര്‍മ്മിത ബുദ്ധി (Augmenting text messages with emotion information) നല്‍കുന്നതിനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്.. ഇതിനായി നിങ്ങളുടെ കീബോര്‍ഡ്, മൗസ്, ടച്ച് പാഡ്, ടച്ച്‌സ്‌ക്രീന്‍ എന്നിവയും നിരീക്ഷിക്കും.

നേരത്തെ ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ് സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചരീതിയില്‍ കണ്ടത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അതേസമയം ഫെയ്‌സ്ബുക്കിലെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.