ഉപവാസമിരുന്ന് ശിവരാജ് സിങ് ചൗഹാന്റെ മറുതന്ത്രം; കര്‍ഷകരെ പാട്ടിലാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി

single-img
10 June 2017

ഭോപാല്‍: മധ്യപ്രദേശില്‍ സമാധാനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഉപവാസം ആരംഭിച്ചു. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഉപവാസമിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നത് വരെ ഉപവാസം തുടരുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

വായ്പ തിരിച്ചടവു മുടങ്ങിയവരുടെ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ തങ്ങളുന്നയിച്ച പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ നഷ്ടപരിഹാരം കൊണ്ട് ഒന്നുമാകില്ലെന്നും വെടിവെപ്പിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മളെല്ലാം മണ്ണിന്റെ മക്കളാണ്. ഇന്ത്യക്കാര്‍ അഹിംസയുടെ വാക്താക്കളുമാണ്. പിന്നെ എന്തിനാണ് അക്രമങ്ങള്‍ അഴിച്ചു വിടുന്നത്. അക്രമങ്ങള്‍ അവനവനെ തന്നെയാണ് ബാധിക്കുകയെന്നും ചൗഹാന്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ ആവാമെന്നും പ്രശ്‌നങ്ങള്‍ തന്നെ കണ്ട് അറിയിക്കാമെന്നും ചൗഹാന്‍ പറഞ്ഞു. അതേസമയം, കര്‍ഷക കടങ്ങള്‍ എഴുതി തള്ളാനാകില്ലെന്ന് കൃഷിമന്ത്രി പറഞ്ഞു. കടക്കെണിയില്‍പ്പെട്ട കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കാതെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയും ഉപവാസം നടത്തുന്ന മുഖ്യമന്ത്രിയുടേത് കേവലം നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതിനിടെ, കര്‍ഷക പ്രതിഷേധം തലസ്ഥാനമായ ഭോപ്പാലിലേക്കും പടര്‍ന്നു. പലയിടത്തും കല്ലേറ് ഉണ്ടായി. ചിലര്‍ ട്രക്കിന് തീയിട്ടു. പൊലീസ് വാഹനങ്ങള്‍ക്കുനേരെയും പൊലീസുകാര്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായി. പല സ്ഥലത്തും നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ഷക പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടും മുന്‍കരുതലെടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. കര്‍ഷക കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയുണ്ടെന്ന ആരോപണം ശക്തമാക്കി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനാണ് ബിജെപി നീക്കം. അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക കലാപവും വെടിവയ്പും ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കടങ്ങള്‍ എഴുതി തള്ളണമെന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദിവസങ്ങളായി കര്‍ഷകര്‍ മന്ത്‌സൗറില്‍ പ്രക്ഷോഭം നടത്തുന്നത്.