കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മനംമാറ്റുന്നുവെന്ന് കരസേനാ മേധാവി; സൈനിക നടപടികളില്‍ വനിതകളും അത്യാവശ്യം

single-img
10 June 2017

ഡെറാഡൂണ്‍: സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മനംമാറ്റുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തെറ്റായ സന്ദേശങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ചേര്‍ത്തുന്ന ക്യാമ്പയിന്‍ കശ്മീരില്‍ നടക്കുന്നുണ്ട്. ഇതില്‍ വീണുപോകുന്ന കശ്മീരി യുവാക്കളാണ് ഇന്ത്യന്‍ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നതെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. ഡെറാഡൂണില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

ഭീകരവാദത്തിനെതിരെ പോരാടാന്‍ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ നമുക്കു ലഭ്യമായിരിക്കുകയും അത് ഉചിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്താല്‍ നമ്മുടെ യുവാക്കളെ സ്വാധീനിക്കാന്‍ ഭീകരവാദികള്‍ക്കും അവരുടെ കുപ്രചാരണങ്ങള്‍ക്കും സാധിക്കില്ല. ആളുകളെ നമ്മളോടു ചേര്‍ത്തുനിര്‍ത്തുന്നതില്‍ നാം വിജയിക്കുകയും ചെയ്യും. കൂടുതല്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കി സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി.

അതേസമയം സൈനിക നടപടികളില്‍ വനിതാ സൈനികരേയും ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും റാവത്ത് പറയുന്നു. സൈനിക നടപടിക്കിടെ നിരവധി സാധാരണക്കാരും സ്ത്രീകളും പെട്ടുപോകാറുണ്ട്. അവരെ സഹായിക്കുക ശ്രമകരമായ കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വനിതാ സൈനികരുടെ സേവനം അത്യാവശ്യമാണെന്നും റാവത്ത് പറഞ്ഞു. വനിതകളെ ജവാന്‍ റാങ്കില്‍ നിയമിക്കുമെന്നും സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ബിബിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.