കിവീസ് വീണു; ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് മിന്നുന്ന ജയം

single-img
10 June 2017

കാര്‍ഡിഫ്: ഷാക്കിബ് അല്‍ഹസ്സന്റേയും (115 പന്തില്‍ 114) മഹമൂദുള്ളയുടെയും (107 പന്തില്‍ 102) മിന്നുന്ന സെഞ്ചുറികളുടെ ബലത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ സെമിസാധ്യത ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായ മല്‍സരത്തില്‍ 16 പന്തുകള്‍ ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് സാധ്യത നിലനിര്‍ത്തിയത്.

ശനിയാഴചത്തെ മത്സരത്തില്‍ ഓസ്ട്രലിയ തോറ്റാല്‍ ബംഗ്ലാദേശിന് സെമിയിലെത്താം. സ്‌കോര്‍: ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ടുവിക്കറ്റിന് 265; ബംഗ്ലാദേശ് 47.2 ഓവറില്‍ 5ന് 268. ന്യൂസിലാന്‍ഡിനെതിരെ 266 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു തോല്‍വി മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ ഷാക്കിബും മഹമൂദുള്ളയും ചേര്‍ന്ന് 34.5 ഓവറില്‍ 224 റണ്‍സ് ചേര്‍ത്ത് ബംഗ്ലാദേശിനെ അനായാസം ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് 11 ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചപ്പോള്‍ മഹമ്മൂദുള്ള എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. ഷാക്കിബാണ് കളിയിലെ കേമന്‍. ക്യപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (57), റോസ് ടെയ്‌ലര്‍ (63), ഗപ്ടില്‍(33), നീല്‍ ബ്രൂം(36) എന്നിവരുടെ ബാറ്റിങ്ങ് പ്രകടനമാണ് ന്യൂസിലാന്‍ഡിന് ഭേദപ്പെട്ട റണ്‍സ് നേടിക്കൊടുത്തത്.