ഗാന്ധിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അമിത്ഷാ; മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

single-img
10 June 2017

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഗാന്ധിജിയെ ബുദ്ധിമാനായ ബനിയ എന്നാണ് അമിത്ഷാ വിശേഷിപ്പിച്ചത്. ഇതില്‍ ബനിയ എന്നുള്ളത് ഗാന്ധിജി ഉള്‍പ്പെടുന്ന ജാതി ആയതാണ് പ്രശ്‌നം വിവാദത്തിലെത്തിച്ചത്. കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരം നേടാനുള്ള ഒരു ഉപാധി മാത്രമായി രൂപീകരിച്ച പാര്‍ട്ടിയാണെന്നും വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവര്‍ സംയോജിച്ച ഒരു കൂട്ടമായിരുന്നെന്നും അല്ലാതെ ഏതെങ്കിലും ആശയത്തിന്റെ പുറത്ത് രൂപികരിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അമിത്ഷാ പറഞ്ഞു.

ഇവിടെയാണ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണം വ്യക്തമായതെന്നും അദ്ദേഹം ബുദ്ധിമാനായ ബനിയ ആയിരുന്നെന്നും അമിത്ഷാ വ്യക്തമാക്കി. എന്താണ് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അക്കാരണത്താലാണ് സ്വാതന്ത്യാനന്തരം പാര്‍ട്ടി പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ദിവസത്തെ ഛത്തീസ്ഗഢ് സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി അധ്യക്ഷന്‍ പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കവേയാണ് ഗാന്ധിജിക്കും കോണ്‍ഗ്രസിനുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

അതേസമയം അമിത് ഷാ സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ജാതീയതയ്ക്ക് എതിരെ പോരാടുന്നതിന് പകരം ബിജെപി രാഷ്ട്രപിതാവിന്റെ ജാതി പറയുകയാണ് ചെയ്യുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെയും നേതാവിന്റെയും തത്വചിന്തയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.