ഖത്തറിലേക്കുളള വിമാനങ്ങള്‍ക്ക് യുഎഇയുടെ വിലക്ക്; ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി

single-img
9 June 2017

ഖത്തറിനു മേല്‍ കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിന് മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. അതേസമയം ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചു.

അബൂദബി-ഖത്തര്‍ റൂട്ടിലെ എണ്ണക്കപ്പലുകളുടെ സഞ്ചാര വിലക്ക് അബൂദബി പെട്രോളിയം പോര്‍ട്ട്‌സ് അതോറിറ്റി വീണ്ടും കര്‍ശനമാക്കി. ഖത്തറിന്റെ ഉടമസ്ഥതയിലോ മേല്‍നോട്ടത്തിലോ അല്ലാത്തതും ഖത്തര്‍ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കി ഒരു ദിവസം പിന്നിട്ടാണ് നിരോധനം കര്‍ശനമാക്കുന്ന നടപടിയുമായി അധികൃതര്‍ രംഗത്തു വന്നത്. ഇതു സംബന്ധിച്ച് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് ഖത്തറിലേക്കുള്ള എല്ലാ തപാല്‍ സര്‍വീസുകളും നിര്‍ത്തിയതാണ് മറ്റൊരു നീക്കം. ജൂണ്‍ ആറ് മുതല്‍ തന്നെ സര്‍വീസുകള്‍ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും. അയക്കപ്പെടാത്ത ഖത്തറിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ ഉടമസ്ഥര്‍ക്ക് മടക്കി നല്‍കുമെന്നും എമിറേറ്റസ് പോസ്റ്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഖത്തര്‍ എയര്‍ലൈന്‍സിന്റെ ഓഫീസുകള്‍ അടച്ചു പൂട്ടിയതിനു പിന്നാലെ കമ്പനിയുടെ വെബ്‌സൈറ്റിനും യു.എ.ഇയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഖത്തറിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തന്നെ യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നു.