ഘട്ടംഘട്ടമായുള്ള മദ്യവര്‍ജ്ജനമാണ് ആവശ്യമെന്ന് എക്‌സൈസ് മന്ത്രി; വിഷമില്ലാത്ത കള്ള് ലഭ്യമാക്കും

single-img
9 June 2017

തിരുവനന്തപുരം: പുതിയ മദ്യനയത്തില്‍ നയം വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാര്‍ പൂട്ടിയത് കൊണ്ടുമാത്രം കേരളത്തിലെ മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ലഹരി കേന്ദ്രമാക്കിയെന്നും ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമാണ് ഇവിടെ ആവശ്യമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

നല്ല മദ്യം ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും ഇവിടെ മദ്യത്തിന്റെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ല. മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ഒരു തുള്ളി പോലും ഉപയോഗിക്കരുതെന്നും ജനങ്ങള്‍ മദ്യം സ്വയം ഉപേക്ഷിച്ച് ഷാപ്പുകള്‍ പൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫിന്റെ മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്ന പുതിയ മദ്യനയത്തിന് പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി ബാറുടമകള്‍ രംഗത്തെത്തി. സുപ്രീം കോടതിയെ മറികടക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും പാതയോരത്തെ ഹോട്ടലുകളിലെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു.