വാഗ്ദാനങ്ങള്‍ പാലിച്ചില്ല; തിഴ്‌നാട്ടിലെ കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയില്‍ സമരത്തിന്

single-img
9 June 2017

ചെന്നൈ: തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും സമരത്തിനൊരുങ്ങി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. തങ്ങള്‍ക്കെതിരെ സുപ്രീം കോടതിയിലുള്ള കേസുകള്‍ പിന്‍വലിക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ തുക അനുവദിക്കുക തുടങ്ങിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ്
ഡല്‍ഹിയില്‍ സമരം തുടങ്ങുന്നത്.

32 ദിവസം ഇവിടെ സമരമിരിക്കും. എന്നിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ദേശീയ തെന്നിന്ത്യ നതികള്‍ ഇനൈപ്പു വ്യവസായികള്‍ സംഘം പ്രസിഡന്റ് പി. അയ്യക്കണ്ണ് പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് പൊറുക്കാനാകാത്ത തെറ്റാണ്. ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 16ന് ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക വായ്പ എഴുതിതള്ളുക, വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, ജലസേചന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ജന്ദര്‍ മന്തറില്‍ ഇവര്‍ സമരം നടത്തിയിരുന്നു. തലയോട്ടി കഴുത്തിലണിഞ്ഞും എലിയേയും പാമ്പിനേയും കടിച്ചു പിടിച്ചും നഗ്‌നരായുമായിരുന്നു സമരം. എന്നാല്‍ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നല്‍കിയ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.