ചാംപ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യക്ക് തോല്‍വി; ശ്രീലങ്കന്‍ ജയം ഏഴ് വിക്കറ്റിന്

single-img
9 June 2017

ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമിയിലെത്താനുള്ള മോഹത്തിന് തിരിച്ചടിയേല്‍പ്പിച്ച് ശ്രീലങ്ക. ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ലങ്ക സെമിസാധ്യത നിലനിര്‍ത്തി. സ്‌കോര്‍: ഇന്ത്യ 321/6 , ലങ്ക 322/3 . ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 321/6 എന്ന ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക തകര്‍പ്പന്‍ ചേസിങ്ങിലൂടെ സ്‌കോര്‍ മറികടക്കുകയായിരുന്നു. ഗുണതിലക (76), കുശാല്‍ മെന്‍ഡിസ് (89), ഏഞ്ചലോമാത്യൂസ് (53), കുശാല്‍ പെരേര (47 റിട്ടേയര്‍ഡ് ഹര്‍ട്ട്), ഗുണരത്‌ന(34) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയുടെ വിജയത്തിന് കരുത്തു പകര്‍ന്നത്.

ഇതോടെ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (125) സെഞ്ച്വറിയടക്കം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പോരാട്ടം പാഴായി. പാകിസ്ഥാനെതിരായ ആദ്യ മല്‍സരത്തിലേതെന്നു പോലെ മികച്ച തുടക്കമായിരുന്നു രോഹിത് ശര്‍മയും ധവാനും നല്‍കിയത്. 138 റണ്‍സായിരുന്നു ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. രോഹിത് ശര്‍മ 79 പന്തില്‍ (78 )റണ്‍സ് നേടി പുറത്തായി. തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (5) യുവരാജ് സിങും(7) കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയെങ്കിലും മുന്‍ നായകന്‍ ധോനി (63)യുടെ ധവാനുമായുള്ള മികച്ച ഇന്നിങ്‌സ് കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോര്‍ ഭദ്രമായി മുന്നോട്ട് നയിച്ചു. ധവാന്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ പാണ്ഡ്യ കൂറ്റന്‍ അടിക്ക് ശ്രമിച്ചെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. തുടര്‍ന്ന് പതിമൂന്ന് പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് സുരക്ഷിതമായ സ്‌കോര്‍ സമ്മാനിച്ചത്.

അവസാന ഓവറില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും അടക്കം പതിനാല് റണ്‍സാണ് ജാദവ് നേടിയത്. ശ്രീലങ്കക്കുവേണ്ടി മലിംഗ രണ്ടും, ലക്മാല്‍, പ്രദീപ്, പെരേര, ഗുണരത്‌ന എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തി. എല്ലാ ടീമുകളും ഓരോ കളി വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്ത ബി ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാമത്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമിയില്‍ ബര്‍ത്ത് ഉറപ്പിക്കാനാവൂ.