ന്യൂറോ ബഡ്‌സ്’…. ഇനി മനസ്സു വായിക്കാനും ഇയര്‍ഫോണ്‍

single-img
9 June 2017

കൊച്ചി: ഇനി പാട്ടു കേള്‍ക്കാന്‍ മാത്രമല്ല മനസ്സു വായിക്കാനും ഇയര്‍ഫോണുകള്‍….മനുഷ്യ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തി നമ്മുടെ മാനസികാവസ്ഥ തിരിച്ചറിയാനാവുന്നു എന്നതാണ് ന്യൂറോ ബഡ്‌സ് എന്ന ഈ ഇയര്‍ഫോണിന്റെ കണ്ടുപിടിത്തം ലോക ശ്രദ്ദയാകര്‍ഷിപ്പിക്കുന്നത്. മലയാളി വിദ്യാര്‍ഥി നിതിന്‍ വസന്ത് വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട് ഇയര്‍ഫോണ്‍ താമസിയാതെ ഉല്‍പന്നമായി വിപണിയിലെത്തുന്നതാണ്.

കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ നിതിന്‍ വസന്തിന് പ്രശസ്തമായ രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടിക്കൊടുത്ത കണ്ടുപിടിത്തമാണിത്. ഈ ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് നിതിന്‍ സിലിക്കണ്‍ വാലിയിലെത്തിയത്.

തലച്ചോറിന്റെ പ്രവര്‍ത്തനവും ഹൃദയമിടിപ്പിന്റെ നിരക്കുമെല്ലാം വ്യക്തമായി അറിയാന്‍ ന്യൂറോ ബഡ്‌സിന് കഴിയുമെന്ന് നിതിന്‍ പറഞ്ഞു. ന്യൂറോ ബഡ്‌സ് തരുന്ന വിവരങ്ങളില്‍നിന്ന് ഒരാളിന്റെ മാനസിക സമ്മര്‍ദത്തിന്റെ തോത് അറിയാനാകും. അതിനനുസരിച്ച് ആവശ്യമായ വിശ്രമം ക്രമീകരിക്കാം.

പല തൊഴില്‍ മേഖലകളിലും ജീവനക്കാര്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന ഇക്കാലത്ത് മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന മികച്ച ഉപകരണമായി ന്യൂറോ ബഡ്‌സ് പ്രയോജനപ്പെടുത്താനാവുമെന്നും നിതിന്‍ വ്യക്തമാക്കുന്നു. അപസ്മാരം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിനും ന്യൂറോ ബഡ്‌സ് ഉപകാരപ്പെടുമെന്ന് നിതിന്‍ പറഞ്ഞു.

ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന സ്മാര്‍ട് വാച്ചുകളുടെ വിലയ്ക്ക് സമീപഭാവിയില്‍ ന്യൂറോ ബഡ്‌സ് ലഭിക്കും. ഇന്റല്‍, ബോഷ് എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്. ഉപകരണത്തിന് കൂടുതല്‍ സൂക്ഷ്മതയും കൃത്യതയും നല്‍കാനുള്ള ശ്രമങ്ങള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിതിന്റെ ന്യൂറോ ടെക് ലാസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ പുരോഗമിക്കുകയാണ്.

അഹമ്മദാബാദില്‍ ഈയിടെ നടന്ന മേക്കര്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചപ്പോഴാണ് ഈ ഉല്പന്നം നിതിന് രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടികൊടുത്തത്. ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു നിതിന്‍.