കുശലാന്വേഷണത്തില്‍ ഒതുങ്ങി മോദി നവാസ് ഷെരീഫ് കൂടിക്കാഴ്ച

single-img
9 June 2017

രണ്ടുദിവസത്തെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കസാഖിസ്താനിലെ അസ്താനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രത്തലവന്മാരുടെ ബഹുമാനാര്‍ഥം കസാഖിസ്താന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ നസര്‍ബയേവ് നല്‍കിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടത്. 17 മാസത്തിനു ശേഷമുള്ള കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം ആശംസകള്‍ അറിയിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

ഷെരീഫിന്റെ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കണ്ടുമുട്ടലില്‍ മോഡി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. ഷെരീഫിന്റെ അമ്മയെയും കുടുംബത്തെയും കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇരുവരുടെയും അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഷരീഫ് ഹൃദയ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് പോവുന്നതിനു മുമ്പായിരുന്നു ഇരുവരുടെയും അവസാനത്തെ കൂടിക്കാഴ്ച.

പിന്നീട് ജൂലൈയില്‍ ഷെരീഫിനെ ഫോണില്‍ വിളിച്ച മോദി ഈദ് സന്ദേശം അറിയിക്കുകയും ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കട്ടെ എന്നാശംസിക്കുകയും ചെയ്തിരുന്നു. 2015 ഡിസംബറില്‍ ലാഹോറില്‍ വെച്ച് മോദി അദ്ദേഹത്തിന്റെ അമ്മയെയും കുടുംബത്തെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പ് നവംബറില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാരീസിലെ ലീഡേഴ്‌സ് ലോഞ്ചില്‍ എത്തിയ ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയൊരു കൂടിക്കാഴ്ച മാത്രമായിരുന്നു അത്.

നരേന്ദ്ര മോദി, നവാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ക്കാണ് കസാഖിസ്താന്‍ പ്രസിഡന്റ് വിരുന്ന് നല്‍കിയത്. മധ്യേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ എസ്.സി.ഒയില്‍ ഇന്ത്യക്കും പാകിസ്താനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ചൈന, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍, റഷ്യ, ഉസ്ബകിസ്താന്‍, തജികിസ്താന്‍ എന്നീ രാജ്യങ്ങളാണ് എസ്.സി.ഒ യിലെ മറ്റ് അംഗങ്ങള്‍.