കോഴിക്കോട് ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം; മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

single-img
9 June 2017

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം വന്‍ ആക്രമങ്ങളാണ് നടത്തിയത്. പ്രകടനക്കാര്‍ ഓട്ടോഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന പടമെടുത്തതാണു പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിക്കുകയും ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു മാറ്റുകയും ചെയ്തു. മാധ്യമം ഫോട്ടോഗ്രഫര്‍ അഭിജിത്തിനെയും സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. ഇന്നലെ രാത്രി സി.പി.എം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്. ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഒരെണ്ണം പൊട്ടി ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് മുറിവേറ്റിരുന്നു.

സിപിഎമ്മിന്റെ വിവിധ ഓഫിസുകള്‍ക്കു നേരെയും ഇന്നലെ അക്രമമുണ്ടായി. അതേസമയം, ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.