വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി

single-img
9 June 2017

പാരമ്പര്യ പിതൃസ്വത്തില്‍ ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി.കൊച്ചിയിലെ മോണ്‍സിഞ്ഞോര്‍ സേവ്യര്‍ ചുള്ളിക്കലിന് മാതാപിതാക്കളുടെ വില്‍പ്പത്രപ്രകാരം ലഭിച്ച ഭൂമിയുടെ അവകാശം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശം മുന്‍നിര്‍ത്തി ശരിവെച്ചാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവിട്ടത്.

വൈദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാതാപിതാക്കള്‍ വില്‍പ്പത്രം എഴുതുംമുമ്പ് പൗരോഹിത്യം സ്വീകരിച്ച വ്യക്തിക്ക് പിതൃസ്വത്തില്‍ അവകാശമില്ലെന്നായിരുന്നു വാദിഭാഗത്തിന്റെ നിലപാട്. ഇത് തള്ളിയാണ് കോടതി ഉത്തരവിട്ടത്. വൈദികന്റെ മൂത്തസഹോദരന്റെ മൂന്നു മക്കളാണ് വൈദികന്റെ സ്വത്തവകാശത്തെ ചോദ്യംചെയ്ത് അന്യായം നല്‍കി കീഴ്‌ക്കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയത്. അതിനെ ചോദ്യംചെയ്ത് വൈദികന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കീഴ്‌ക്കോടതി ഉത്തരവ് തള്ളുകയായിരുന്നു.

ക്രിസ്ത്യന്‍ വൈദികന്റെ സ്വത്തവകാശം 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം വൈദികരെ വേര്‍തിരിച്ചുകാണുന്നില്ലെന്നും ഒസ്യത്തുള്ളതോ എഴുതിവെയ്ക്കാത്തതോ ആകട്ടെ കുടുംബസ്വത്തില്‍ വൈദികനും കന്യാസ്ത്രീക്കും അവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ വിധികളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഒസ്യത്തുപ്രകാരം കിട്ടിയ ഭൂമിയില്‍ ഒരുഭാഗം വൈദികന്‍ 1995ല്‍ വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന റദ്ദാക്കണമെന്നും ആ ഭൂമികൂടി ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്കായി സ്വത്ത് ഭാഗിക്കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടു. അത് ഹൈക്കോടതി അംഗീകരിച്ചില്ല. സഭയ്ക്കകത്തെ തത്ത്വങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുന്ന കാനോനികനിയമം സിവില്‍നിയമത്തില്‍നിന്ന് വ്യത്യസ്തമാണ്.

വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ കാനോനികനിയമപ്രകാരം വ്യാഖ്യാനിക്കാനാവില്ല. പ്രസ്തുത നിയമം സഭയ്ക്ക് അകത്ത് മാത്രമാണ് ബാധകമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. വിശ്വാസപ്രമാണമനുസരിച്ച് വൈദികനോ സന്ന്യാസിയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നത് ശരിയാകാം. അതുകൊണ്ട് സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകില്ലെന്ന് കോടതി അറിയിച്ചു.

ശമ്പളംപറ്റി ജോലിചെയ്യാനവകാശമുള്ള വൈദികനും കന്യാസ്ത്രീക്കും പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍മാത്രം സ്വത്ത് സ്വീകരിക്കാന്‍ അധികാരമില്ലാതാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലനെന്നും കുടുംബത്തില്‍നിന്നു കിട്ടുന്ന സ്വത്ത് സ്വമേധയാ നിയമപ്രകാരം മഠത്തിനോ ആശ്രമത്തിനോ എഴുതിവെയ്ക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.