കണ്ണൂരില്‍ ബിജെപി കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; വന്‍ ആയുധശേഖരം കണ്ടെത്തി

single-img
9 June 2017

കണ്ണൂരില്‍ ബിജെപി കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബും വാളുകളും ഉള്‍പ്പടെ ആക്രമണങ്ങള്‍ക്കുപയോഗിക്കുന്ന വന്‍ ആയുധശേഖരം കണ്ടെത്തി. ഒമ്പതു വാളുകളും ഒരു സ്റ്റീല്‍ ബോംബുമാണ് റെയ്ഡില്‍ പോലീസ് കണ്ടെത്തിയത്. ബിജെപി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന സ്ഥലമാണിതെന്ന് പോലീസ് റെയിഡിനു ശേഷം വ്യക്തമാക്കി. ഈ സ്ഥലം ബിജെപിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസെടുത്തു.

അതേസമയം കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇപ്പോഴും തുടരുകയാണ്. ഹര്‍ത്താലിനിടെ ജില്ലയില്‍ പലഭാഗത്തും അക്രമങ്ങള്‍ നടന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് നഗരത്തില്‍ പ്രകടനം കഴിഞ്ഞ് തിരിച്ചു പോയ സി.പി.എം പ്രവര്‍ത്തകര്‍ എ.ബി.വി.പി ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തതായി പരാതിയുണ്ട്. ഓഫീസിനകത്തേക്ക് കടന്നുചെന്നു പ്രവര്‍ത്തകര്‍ ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിനു പുറമെ വടകരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞു മൂന്ന് യാത്രക്കാര്‍ക്കും പരിക്കേറ്റു.