ഫസലിനെ കൊന്നത് ആര്‍എസ്എസ്; മൊഴിയുടെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു

single-img
9 June 2017

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട സംഘമെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ അടങ്ങിയ ഓഡിയോ, വിഡിയോ സിഡികള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഫസലിന്റെ സഹോദരന്‍ സത്താറാണ് സി.ബി.ഐ കോടതിയില്‍ ഇവ സമര്‍പ്പിച്ചിരിക്കുന്നത്. താനടക്കം നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് സുബീഷിന്റെ മൊഴി. ആര്‍എസ്എസിന്റെ കൊടിമരം നശിപ്പിച്ചതാണ് വിരോധത്തിനു കാരണമെന്നും മൊഴിയിലുണ്ട്.

“എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ ആ പ്രദേശത്ത് സ്ഥിരമായി ആര്‍.എസ്.എസിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നതിന് പ്രതികാരമായാണ് ആക്രമണം നടത്തിയത്. ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവര്‍ കൊലപാതകം ആസൂത്രണം ചെയ്ത ശേഷം തന്നെ വീട്ടില്‍ വന്നു കണ്ടു. ഇവര്‍ തന്നെ ആയുധങ്ങളും കൊണ്ടുവന്നു. നാലു പേരും ഒരു ബൈക്കിലാണ് ഫസലിനെ ആക്രമിക്കാന്‍ പോയത്. ഫസല്‍ സഞ്ചരിക്കുന്ന വഴിയില്‍ കാത്തിരുന്നു. ഫസലിന്റെ സൈക്കിള്‍ വന്നപ്പോള്‍ താന്‍ ഒഴികെയുള്ള മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടി. താന്‍ അവിടെ കാവല്‍ നിന്നു. മരിച്ചോയെന്ന് ഉറപ്പാക്കാതെ ഉടനെ ബൈക്ക് എടുത്ത് പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തിലകന്റെ വീട്ടില്‍ പോയി. അദ്ദേഹം ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം ആരോടും പറയേണ്ടെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി അവിടെയും വിവരം അറിയിച്ചിരുന്നുവെന്നും സുബീഷ് പറയുന്നു”.

ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും അടുത്തിടെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു വെളിപ്പെടുത്തല്‍.

തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെ തന്നെയാണെന്നും സിബിഐ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപാതക കേസുകളില്‍ പ്രതിയായ സുബീഷിന്റെ മൊഴി വിലക്കെടുക്കേണ്ടതില്ലെന്നും പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്നും സിബിഐ വ്യക്തമാക്കിയപ്പോഴായിരുന്നു വീഡിയോകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി നല്‍കിയ ഫസലിന്റെ സഹോദരന്‍ ഇന്ന് വീഡിയോകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സിബിഐ അന്വേഷണവും നടത്തി. 2012ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎം പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.