ഖത്തര്‍ പ്രതിസന്ധി; ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി

single-img
9 June 2017

ദോഹ: സൗദി അറേബ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്രബന്ധം ഉപേക്ഷിച്ചത് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഖത്തര്‍. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തര്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫ് സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് എംബസി അറിയിച്ചു.

നിരോധനം ബാധിച്ച സര്‍വീസുകളിലെ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. അടിയന്തര സാഹചര്യത്തില്‍ അധിക സര്‍വീസ് നടത്താമെന്നും ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇന്ത്യന്‍ എംബസി നല്‍കിയ കത്തിലാണ് ഖത്തര്‍ ഭരണകൂടത്തിന്റെ മറുപടി ലഭിച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്.

അതേസമയം ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തിന്റെ വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ടെന്നും ദോഹയില്‍ മാധ്യമങ്ങളോട് അദേഹം വ്യക്തമാക്കി. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് കഴിയും അതിനു രാജ്യത്തിന്റെ വിദേശനയം മാറ്റി ഒരു പരിഹാരവുമില്ല, എന്നാല്‍ ജനജീവിതത്തെ ഒരു തരത്തിലും പ്രശ്‌നം ബാധിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഖത്തര്‍ സമാധാനത്തിന്റെ വേദിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സൈനിക നീക്കം ഇണ്ടാകില്ലെന്നും അല്‍താനി പറഞ്ഞു.