കോഴിക്കോട് സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ജില്ലാ സെക്രട്ടറി പി മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

single-img
9 June 2017

സി പി ഐ എമ്മിന്റെ കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേയ്ക്ക് ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിനു നേരേ ബോംബേറുണ്ടായത്. നഗരമധ്യത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളെജിന് സമീപത്താണ് സിപിഐ(എം) ജില്ലാക്കമ്മിറ്റി ഓഫീസ്.

ജില്ലാസെക്രട്ടറി പി മോഹനനെ ലക്ഷ്യം വെച്ചായിരുന്നു ബോംബെറിഞ്ഞത്. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണു ഇദ്ദേഹം രക്ഷപ്പെട്ടത്. ഓഫീസ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് സ്‌ഫോടനത്തില്‍ പരുക്കേറ്റു.

ജില്ലാ കമ്മിറ്റി ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തിയ പൊട്ടാത്ത ബോംബ് | ഫോട്ടോ: ദേശാഭിമാനി

പി മോഹനൻ  കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ബോംബുകളില്‍ ഒന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി.

രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച്   ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ്  സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.
എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ് പരിസരത്തെത്തിയത്. അക്രമികള്‍ പി മോഹനന്റെ കാറിനെ പിന്തുടര്‍ന്ന് വരികയായിരുന്നു.

ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് കെട്ടി.  ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

സംഭവത്തിനു പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.