ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഐഎസ്‌ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം; ജാഗ്രതാ നിര്‍ദ്ദേശം

single-img
9 June 2017

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യയില്‍ ശക്തമായ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം. പഞ്ചാബിലെ ബംതാല്‍ സെക്ടറിലൂടെ നാല് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്നു രഹസ്യന്വേഷണ വിഭാഗം അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ ജമ്മുകാഷ്മീരിലെ കത്തുവ പഞ്ചാബിലെ ഗുരുദാസ്പുര്‍, പത്താന്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീകരര്‍ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയുധങ്ങള്‍ക്കും സ്‌ഫോടക വസ്തുകള്‍ക്കും വേണ്ടി ഭീകരര്‍ ഇന്ത്യയില്‍ കാത്തിരിക്കുകയാണ്. ഭീകരര്‍ക്ക് ആയുധം കൈമാറുന്നതിനായി മയക്കുമരുന്നു കള്ളകടത്തുകാരുമായി ഐഎസ്‌ഐ ധാരണയുണ്ടാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ പഞ്ചാബ്, ജമ്മുകാഷ്മീര്‍ സര്‍ക്കാരുകള്‍ക്ക്‌ രഹസ്യാന്വേഷണ വിഭാഗം കൈമാറി. ഇതേതുര്‍ന്നു സംസ്ഥാനങ്ങള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.