വേണമെങ്കിൽ ഒന്നരമണിക്കൂർ നേരത്തേയും പുറപ്പെടാം: ബിജെപി ഓഫീസിലേയ്ക്ക് എട്ടുമണിക്കു നടന്ന ബോംബേറിൽ പ്രതിഷേധിച്ച് ആറരമണിക്ക് യുവമോർച്ച നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
8 June 2017

ഇന്നലെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിലുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും തിരുവനന്തപുരമടക്കം പല സ്ഥലങ്ങളിലും ഹർത്താൽ ആചരിക്കുകയാണു. രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ സ്റ്റാച്യുവിനടുത്തുള്ള ട്യൂട്ടേഴ്സ് ലൈനിലുള്ള ബി ജെ പി ഓഫീസിനു നേരേ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

എന്നാൽ എട്ടുമണിക്കു നടത്തിയ ഈ ആക്രമണത്തിനെ ആറരയ്ക്ക് തന്നെ അപലപിച്ച് അൽഭുതം സൃഷ്ടിച്ചിരിക്കുകയാണു ഒരു യുവമോർച്ച നേതാവ്.

ഇന്നലെ വൈകിട്ട് നാലേകാലോടെയാണു സീതാറാം യെച്ചൂരിയ്ക്ക് നേരേ ഹിന്ദുസേന പ്രവർത്തകർ എന്നവകാശപ്പെട്ട രണ്ടുപേർ ആക്രമണം നടത്തിയത്. എട്ടുമണിയോടെ ബിജെപി ഓഫീസിനുനേരേയുണ്ടായ ആക്രമണം നടത്തിയത് സി പി എം ആണെന്നു ബി ജെ പി ആരൊപിച്ചെങ്കിലും സംഭവത്തിൽ സംശയാസ്പദമായി പലതുമുണ്ടായിരുന്നു. ബിജെപി പോലെയുള്ള ഒരു ദേശീയ പാർട്ടിയുടെ തിരുവനന്തപുരം നഗരത്തിലെ ജില്ലാക്കമ്മിറ്റി ഓഫീ‍സിനുള്ളിൽ എട്ടുമണിയ്ക്ക് ആരുമുണ്ടായിരുന്നില്ല എന്നതും ആ സമയത്ത് ഓഫീസിലെ ക്ലോസ്ഡ് സർക്ക്യൂട്ട് ക്യാമറ പ്രവർത്തിച്ചില്ല എന്നതും സംശയാസ്പദമായിരുന്നു.

ഇത്തരം സംശയങ്ങൾ നിലനിൽക്കേയാണു യുവമോർച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവും വി മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രൻ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നത്. എട്ടുമണിക്കു നടന്ന ആക്രമണത്തെ പരാമർശിച്ച് ഒന്നരമണിക്കൂർ നേരത്തെ, അതായത് ആറു മുപ്പതിനു ജയദേവ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് സംഭവത്തിലെ ഗൂഢാലോചനയിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. “എന്താണ് ഭീരുത്വം! മുഖം മറച്ചു ബോംബ് എറിഞ്ഞോടിയതോ, അതോ! ചെന്ന് കേറി അറസ്റ്റ് വരിച്ചതോ“ എന്നാണു ജയദേവ് പോസ്റ്റിൽ എഴുതിയത്.

യുവമോർച്ചനേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, സംഭവത്തിലെ ഗൂഢാലോചനയ്ക്ക് തെളിവാണെന്നാരോപിച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണു അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

“ഡൽഹിയിൽ ചെയ്ത മാപ്പർഹിക്കാത്ത അതിക്രമത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു ഹർത്താൽ വേണം..ഹർത്താൽ നടത്താൻ ഒരു ഓഫീസ് ബോംബെറിയണം!!.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തിരുവനന്തപുരംജില്ലയിൽ മാത്രം BJP 7 ഹർത്താൽ നടത്തി.ചെറിയ സംഭവങ്ങളുടെ പേരിലും,ഇത് പോലെ ക്രിയേറ്റ് ചെയ്തുമാണ് ഹർത്താലും അതിന്റെ മറവിൽ കലാപവും നടത്തുന്നത്…പ്രബുദ്ധ കേരളം പ്രതികരിക്കട്ടെ,ഇവരെ എന്തുചെയ്യണമെന്ന്..”-ആനാവൂർ നാഗപ്പൻ ഫെയ്സ്ബുക്കിൽ കുറിച്ചു.