തിരുവനന്തപുരത്തെ ബിജെപി ഓഫീസിൽ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ ഒരേപോലെയുള്ള പോസ്റ്റുകളിട്ട് നിരവധി വെള്ളക്കാരികൾ: ബിജെപിയുടെ വ്യാജ അക്കൌണ്ട് തന്ത്രങ്ങൾ രസകരമെന്ന് ശശി തരൂർ

single-img
8 June 2017

ബിജെപിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസിൽ ബോംബെറിഞ്ഞതിൽ കേരളത്തിലെ ബിജെപി അനുഭാവികളും ദേശീയതലത്തിലെ ബിജെപി അനുഭാവികളും പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഇന്നു ട്വിറ്ററിൽ പ്രതിഷേധിച്ചവർ മുഴുവൻ വിദേശികളായിരുന്നു. അതും സുന്ദരികളായ വെള്ളക്കാരികൾ.

ഫെയ്ക് ഐഡികൾ ഉപയോഗിച്ചുള്ള ബിജെപിയുടെ സോഷ്യൽ മീഡിയ തന്ത്രങ്ങൾ രസകരമാണെന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരം എം പി ശശി തരൂർ ഈ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഷെയർ ചെയ്തിരുന്നു.

“തിരുവനന്തപുരത്തെ ബി ജെ പി ഓഫീസ് ആക്രമിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നിർവധി വെള്ളക്കാരികൾ രംഗത്തുവന്നിരിക്കുന്നത് വ്യാജ അക്കൌണ്ടുകൾ ഉപയോഗിച്ചുള്ള ബിജെപിയുടെ രസകരമായ കൌശലങ്ങളെ തുറന്നുകാട്ടുന്നുണ്ട്,” എന്നായിരുന്നു തരൂരിന്റെ പോസ്റ്റ്.

തരൂരിന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഈ പോസ്റ്റുകൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഇവയാണു.

ഇന്ത്യാ ന്യൂസ് വെബ് എന്ന പോർട്ടലിന്റെ ട്വിറ്റർ പോസ്റ്റാണു വ്യത്യസ്ത വിദേശ ഐഡികൾ പതിനേഴുപ്രാവശ്യം റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സൈറ്റ് ഇക്കഴിഞ്ഞ മേയ് 21-നാണു  ആരംഭിച്ച ഒന്നാണെന്നാണു അറിയാൻ കഴിയുന്നത്. സൈറ്റിൽ അപ്ഡേഷൻ തുടങ്ങിയിട്ട് നാലുദിവസമേ ആയിട്ടുള്ളൂ. ന്യൂസിലാൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ സൈറ്റിന്റെ ഉടമസ്ഥൻ വില്യം കോക്സാമ്പ് എന്ന ഒരാളാണു. മറ്റു മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ അതേപടി പകർത്തി സ്രോതസിനു കടപ്പാട് വെച്ചാണു അപ്ഡേറ്റുകൾ.

ഈ സൈറ്റിന്റെ ട്വിറ്റർ അക്കൌണ്ടിനു മൊത്തം പതിനൊന്നു ഫോളൊവർമാരാണുള്ളത്. ജൂൺ അഞ്ചുമുതൽ തുടങ്ങിയ അപ്ഡെഷനുകളിൽ ഇതുവരെ 41 ട്വീറ്റുകളുണ്ട്. അതിൽ ഇന്നലെ രാത്രി മൂന്നുമണിക്കൂറിനുള്ളിൽ മൂന്നു പ്രാവശ്യമാണു ബിജെപി ഓഫീസിനു നേരേ നടന്ന ആക്രമണത്തിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. 41 ട്വീറ്റുകളിൽ ഫോട്ടോ അടക്കമുള്ള ഏക ട്വീറ്റ് ബിജെപി ഓഫീസ് തകർത്ത വാർത്തയുടേതാണു. റീട്വീറ്റുകൾ ഉള്ള ഒരേയൊരു ട്വീറ്റും ഇതുതന്നെ.

വിദേശവനിതകളുടെ പേരും ഫോട്ടോയും വെച്ചുള്ള വ്യാജ അക്കൌണ്ടുകളാണു ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്. തരൂരിന്റെ ആരോപണം ശരിവെയ്ക്കുന്നകാര്യങ്ങളാണു നിരീക്ഷിച്ചാൽ മനസ്സിലാകുക. ബിജെപി-ആർ എസ് എസ് സോഷ്യൽ മീഡിയ തന്ത്രങ്ങൾ കേരളത്തെ ലക്ഷ്യം വെയ്ക്കുന്നതിന്റെ സൂചനകളും ഇതിൽ കാണുവാൻ സാധിക്കും. കേരളത്തിലെ ബിജെപി ഓഫീസ് തകർത്ത വാർത്ത ട്വിറ്ററിൽ ട്രെൻഡ് ആക്കുവാൻ മാത്രമായി ഇന്ത്യാ വെബ് എന്ന പേരിൽ ഒരു സൈറ്റ് മൂന്നുദിവസം മുന്നേ തുടങ്ങി എന്നതും ആ വാർത്ത പലവട്ടം ഷെയർ ചെയ്തും വ്യാജ അക്കൌണ്ടുകൾ വഴി റീട്വീറ്റ് ചെയ്തും വ്യാപിപ്പിക്കുന്നു എന്നഹും ദുരൂഹമായ സൂചനകളാണു തരുന്നത്.