യു ഡി എഫിന്റെ മദ്യനയം മറ്റു ലഹരികളുടെ ഉപയോഗം കൂട്ടിയെന്ന് പിണറായി : മദ്യനയത്തിൽ സമഗ്രമായ മാറ്റം വരുത്തി സർക്കാർ

single-img
8 June 2017

കേരളത്തിലെ മദ്യനയത്തിൽ സമഗ്രമായ മാറ്റം വരുത്തി ഇടതു സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണു പുതിയ മദ്യനയം അവതരിപ്പിച്ചത്. പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതിവിധി അതുപോലെ അനുസരിക്കുമെന്നു പറഞ്ഞ പിണറായി മദ്യവ്യവസായരംഗത്തെ പ്രതിസന്ധികൾ മറികടക്കാൻ സ്വീകരിച്ച നയങ്ങളാണു വിശദീകരിച്ചത്.

നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമുള്ള ബാർ ലൈസൻസ് ത്രീ സ്റ്റാറിനും അതിനുമുകളിലുള്ളതുമായ ഹോട്ടലുകൾക്കും കൂടി അനുവദിക്കുമെന്നതാണു മദ്യനയത്തിലെ കാതലായ തീരുമാനം.

സുപ്രീം കോടതിവിധിപ്രകാരം ദേശീയപാതയിൽ നിന്നും 500 മീറ്റർ ദൂരത്തിലുള്ള ബാറുകൾ അടച്ചുപൂട്ടുന്നതിനും പുതിയ മദ്യനയത്തിൽ പരിഹാരമുണ്ട്. ഇത്തരം സ്ഥാപനങ്ങൾ അതു സ്ഥിതി ചെയ്തിരുന്ന താലൂക്കിനുള്ളിൽത്തന്നെ മാറ്റി സ്ഥാപിക്കാൻ അനുമതി നൽകും. ഇത്തരത്തിൽ പൂട്ടെണ്ടിവരുന്ന ബാറുകൾ അതു സ്ഥിതി ചെയ്തിരുന്ന താലൂക്കിനുള്ളിൽത്തന്നെ മാറ്റി സ്ഥാപിക്കാൻ അനുമതി നൽകും.  ഇതുമൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ നൽകുക എന്നതാണു സർക്കാർ ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നൽകാം എന്ന ധാരണയിൽ മാത്രമേ ഇത്തരം പുതിയ ലൈസൻസുകൾ അനുവദിക്കുകയുള്ളൂ.

സമ്പൂർണ്ണമദ്യനിരോധനം നടപ്പിലാക്കിയ ഒരു സ്ഥലത്തും അതു വിജയിച്ചിട്ടില്ലെന്നും യു ഡി എഫ് കൊണ്ടുവന്ന മദ്യനയം ലഹരി പയോഗം കൂട്ടാനേ ഉപകരിച്ചിട്ടുള്ളൂ എന്നും പിണറായി വിജയൻ പറഞ്ഞു. മദ്യാസക്തിയുള്ളവർ ലഹരിയ്ക്കു വേണ്ടി മറ്റെന്തെങ്കിലും മാർഗ്ഗമുപയോഗിക്കുന്ന അപകടകരമായ പ്രവണത വർദ്ധിച്കുവരുന്നതായും പിണറായി പറഞ്ഞു.

മദ്യനിരോധനത്തിനായി വാദിക്കുന്നവർ അതിന്റെ പ്രായോഗികതലം കൂടി മനസ്സിലാക്കണമെന്നും സർക്കാരിനോട് സഹകരിക്കണമെന്നും പിണറായി അഭ്യർത്ഥിച്ചു.

മദ്യവ്യവസായം തകരാതെ പിടിച്ചുനിർത്തുകയും അതോടൊപ്പം മദ്യവർജ്ജനം നടപ്പാക്കുകയും ചെയ്യുക എന്നതുമാണു സർക്കാരിന്റെ നയമെന്നു പിണറായി പറഞ്ഞു. മദ്യവർജ്ജനത്തിനുള്ള കാമ്പയിൻ വിമുക്തി എന്ന പേരിൽ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും സഹകരണത്തോടെ അതുനടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യാസക്തിയ്ക്ക് അടിപ്പെട്ടുപോകുന്നവർക്ക് അതിൽനിന്നും മോചനം നേടുന്നതിനുള്ള ചികിത്സാ സഹായം സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകലിലും ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും യോജിച്ചുകൊണ്ടുതന്നെ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങും.

മദ്യനയത്തിലെ കാതലായ മറ്റു പ്രഖ്യാപനങ്ങൾ ഇവയാണു:

  • എഫ് എൽ 3, എഫ് എൽ 2 ലൈസൻസുണ്ടായിരുന്ന സ്റ്റാർ റേറ്റിംഗ് കുറഞ്ഞ റെസ്റ്റോറന്റുകളിൽ പ്രത്യേക അവസരങ്ങളിൽ പ്രത്യേക ലൈസൻസോടെ ബാങ്ക്വറ്റ് ഹാളിൽ മദ്യം വിളമ്പാൻ അനുമതി നൽകും
  • ബാറുകളുടെ പ്രവർത്തനസമയം പന്ത്രണ്ടരമണിക്കൂർ ആയിരുന്നത് പന്ത്രണ്ട് മണിക്കൂർ ആക്കി കുറച്ചു. ടൂറിസം മേഖലയിൽ ഇതു പതിമൂന്നുമണിക്കൂർ ആയിരിക്കും.
  • ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9:30 മുതൽ രാത്രി പത്തുമണിവരെയായിരുന്നത് രാവിലെ 11മണി മുതൽ രാത്രി 11മണിവരെയാക്കി പുനഃക്രമീകരിച്ചു. ടൂറിസം മേഖലയിൽ ഇതു രാവിലെ 10 മുതൽ രാത്രി 11 വരെയായിരിക്കും.
  • മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാക്കി ഉയർത്തി.
  • കള്ളുവ്യവസായ സംരക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക എന്നിവ പ്രത്യേക പാക്കേജായി ഉൾപ്പെടുത്തി.
  • കള്ളുഷാപ്പുകൾ മൂന്നുവർഷത്തിലൊരുതവണയാണു ലേലം ചെയ്യുന്നത്. ഇത്തരത്തിൽ ലേലത്തിൽ വിൽക്കുമ്പോൾ തൊഴിലാളി സഹകരണസംഘങ്ങൾക്കു മുൻണന നൽകും.  അനുവദികുന്ന ഘട്ടത്തിൽ സഹകരണസംഘങ്ങളില്ലാത്ത സ്ഥലങ്ങളിൽ മുൻവർഷം കള്ളുഷാപ്പ് നടത്തിയവർക്ക് മുൻഗണന നൽകും. കള്ളുഷാപ്പുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും നടപടി എടുക്കും.
  • കള്ളുഷാപ്പുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു ടോഡി ബോർഡ് സ്ഥാപിക്കും.
  • ത്രീ സ്റ്റാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളിൽ ശുദ്ധമായ കള്ളു ലഭ്യമാക്കും.
  • അബ്കാരി ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും
  • വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെർമിനലുകൾക്കൊപ്പം ആഭ്യന്തര ടെർമിനലുകളിലും മദ്യം ലഭ്യമാക്കും.

പുതിയമദ്യനയത്തിലൂടെ സർക്കാർ തങ്ങളെ വഞ്ചിച്ചതായി ബിഷപ്പുമാർ പറഞ്ഞകാര്യം മാധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചപ്പോൾ ബിഷപ്പുമാർ മദ്യ ഉപയോഗം കുറയ്ക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണു മദ്യനയത്തെ എതിർക്കുന്നതെന്നും പക്ഷേ അതു പ്രായോഗികമല്ലാത്തതിനാൽ സർക്കാരിനു കൂട്ടുനിൽക്കാൻ കഴിയില്ലെന്നും പിണ്രായി മറുപടി പറഞ്ഞു. ഇടതുപക്ഷം തെരെഞ്ഞെടുപ്പിനു മുന്നേതന്നെ ഇക്കാര്യം പറഞ്ഞിരുന്നതിനാൽ വഞ്ചനയാണെന്ന വാദം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Press Meet

Press Meet

Posted by Chief Minister's Office, Kerala on Thursday, June 8, 2017