ദിവസവും ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ എണ്ണ കമ്പനികളുടെ തീരുമാനം: പരിഷ്‌കാരം ജൂണ്‍ 16 മുതല്‍

single-img
8 June 2017

ന്യൂഡല്‍ഹി: എല്ലാ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുന്ന പരിഷ്‌കാരം രാജ്യാവ്യാപകമാക്കുന്നു. ഈ മാസം 16 മുതല്‍ അതതു ദിവസത്തെ വിലയായിരിക്കും പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരിക. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന ആഭ്യന്തരവിപണിയിലും എണ്ണവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പാക്കാനാണ് രാജ്യത്തെ എണ്ണ കമ്പനികളുടെ തീരുമാനം.

പുതിയരീതി നിലവില്‍ വന്നാല്‍ അന്തരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന എണ്ണവില മാറിമറിയും. അന്തരാഷ്ട്ര വിപണിയില്‍ വില കുറയുകയാണെങ്കില്‍ അതിന്റെ ഗുണം രാജ്യത്തെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. വില കൂടുകയാണെങ്കില്‍ മറിച്ചും.

ദിവസേന എണ്ണവില പുതുക്കുന്ന സമ്പ്രദായം മെയ് ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ചണ്ഡീഗഡ്, ജംഷെഡ്പുര്‍, ഉദയ്പുര്‍ എന്നീ നഗരങ്ങളിലാണ് സമ്പ്രദായം നടപ്പിലാക്കിയത്.

ഇപ്പോള്‍ മാസത്തില്‍ രണ്ടുതവണ വച്ച് എണ്ണവില വര്‍ധിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണ കമ്പനികളാണ് എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യത്തെ എണ്ണവിപണിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ മൂന്നു കമ്പനികളും ചേര്‍ന്നാണ്.