നടി മമതാ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

single-img
8 June 2017

മുംബൈ: മയക്കുമരുന്നുകേസില്‍ നടി മമതാ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഇവരുടെ സ്വത്തുവകകള്‍ 30 ദിവസത്തിനുള്ളില്‍ കണ്ടുകെട്ടാനും മയക്കുമരുന്നു കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടു.

സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് വിക്കി ഗോസ്വാമിയും മമതയും പ്രതികളായത്. 93 ലക്ഷംരൂപ നിക്ഷേപമുണ്ടായിരുന്ന മമതയുടെ ബാങ്കക്കൗണ്ടുകള്‍ കഴിഞ്ഞദിവസം കോടതി മരവിപ്പിച്ചിരുന്നു. മലാഡിലെ സ്വകാര്യബാങ്കില്‍ 67 ലക്ഷവും കല്യാണ്‍, ബദ്ലാപുര്‍, പരേല്‍, നരിമാന്‍ പോയന്റ്, ധാരാവി, രാജ്കോട്ട്, ഗുജറാത്തിലെ ഭുജ് എന്നിവിടങ്ങളിലെ ബാങ്കുകളില്‍ 26 ലക്ഷം രൂപയുമാണുണ്ടായിരുന്നത്.

2014-ല്‍ ലഹരിമരുന്ന് കടത്തുകേസില്‍ ദുബൈയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിക്കി ഗോസ്വാമിയെ അമേരിക്കന്‍ പൊലീസും തിരയുന്നുണ്ട്. പിടികൂടിയ ലഹരിമരുന്ന് കെനിയ വഴി അമേരിക്കയിലേക്കു കടത്താനായിരുന്നു ഗോസ്വാമിയുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. സോളാപുരിലെ അവോണ്‍ ലൈഫ് സയന്‍സസ് എന്ന മരുന്നുകമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് 20,000 കിലോ ലഹരിമരുന്ന് പിടികൂടിയത്.

കേസില്‍ അറസ്റ്റിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് വിക്കി ഗോസ്വാമിയുടെ പങ്ക് പുറത്തുവന്നത്. കെനിയയിലെ മൊമ്പാസയില്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങാനും വിക്കിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്ന മമത കുല്‍ക്കര്‍ണിയെ 2013-ലാണ് വിക്കി വിവാഹം കഴിക്കുന്നത്. മമതയും ഭര്‍ത്താവും ഇപ്പോള്‍ കെനിയയിലാണ് താമസം.