‘പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു’: ഗീതാ ഗോപിയെ പിന്തുണച്ച് സിപിഐ എംപി ജയദേവന്‍

single-img
8 June 2017

തൃശൂര്‍: മകളുടെ വിവാഹം ആഡംബരമായി നടത്തിയ ഗീതാ ഗോപി എംഎല്‍എയെ അനുകൂലിച്ച് സിപിഐ എംപി സി.എന്‍ ജയദേവന്‍. കട്ടന്‍ ചായയുടേയും പരിപ്പുവടയുടേയും കാലം കഴിഞ്ഞു. ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. ഗീതാ ഗോപി മിടുക്കിയായ എംഎല്‍എയാണെന്നും വിവാഹത്തിലെ നല്ല വശങ്ങളും കാണണമെന്നും സി.എന്‍.ജയദേവന്‍ പറഞ്ഞു. ധാരാളം സ്വര്‍ണമണിയിച്ച് മകളുടെ വിവാഹം നടത്തിയതാണ് വിവാദത്തിലായത്.

അതിനിടെ, മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ സിപിഐ എംഎല്‍എ ഗീതാ ഗോപിക്കെതിരെ ആദായനികുതി വകുപ്പിലും വിജിലന്‍സിലും പരാതി നല്‍കിയിട്ടുണ്ട്. നാട്ടിക എംഎല്‍എയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

വിവാഹം ആഡംബരമാക്കിയതു സംബന്ധിച്ചു ഗീത ഗോപി എംഎല്‍എയോട് പാര്‍ട്ടിക്കു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശ പ്രകാരമാണു പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടിയത്. ജില്ലാ കമ്മിറ്റിയുടെ മറുപടി കിട്ടിയ ശേഷം അടുത്ത നടപടികള്‍ നിശ്ചയിക്കും.

കൂടുതല്‍ ആഭരണം അണിയിച്ചു വിവാഹം നടത്തിയത് അപമാനമുണ്ടാക്കിയെന്നാണു പാര്‍ട്ടി നിലപാട്. അതുകൊണ്ടു തന്നെ പരസ്യ താക്കീത് ഉണ്ടായേക്കും. കടുത്ത നടപടിക്കു സാധ്യതയില്ല. ഗീത ഗോപി പുലര്‍ത്തുന്ന ബന്ധമാണ് ഇതിനു കാരണം. ജനകീയ നേതാവെന്ന നിലയില്‍ പാര്‍ട്ടിക്ക് അവരോട് അനുകമ്പയുണ്ട്. എന്നാല്‍ ജില്ലാ കമ്മിറ്റിയിലെ ചിലരെങ്കിലും കടുത്ത നടപടി പ്രതീക്ഷിക്കുന്നുമുണ്ട്. ജില്ലയിലെ നേതാക്കള്‍ തന്നെയാണു നടപടി വേണമെന്നു സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആവശ്യപ്പെട്ടത്.

ഇത്തരത്തിലുള്ള വിവാഹം നിര്‍ഭാഗ്യകരമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞങ്ങാട്ട് പറഞ്ഞു. ഇതു ശരിവയ്ക്കുന്നില്ല. വിചാരണയില്ലാതെ വിധി പറയുന്നതു ശരിയല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.