ബി.ജെ.പി ഹര്‍ത്താല്‍: തിരുവനന്തപുരത്ത് പലയിടത്തും സംഘര്‍ഷം

single-img
8 June 2017

തിരുവനന്തപുരം: സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി. തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി. നടത്തിയ പ്രകടനത്തിനിടെ ഫ്‌ളെക്‌സുകള്‍ തകര്‍ത്തത് ചിത്രീകരിച്ച ചാനല്‍ ക്യാമറാമാനു നേരെ കയ്യേറ്റ ശ്രമമുണ്ടായി. ഉള്ളൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കുള്ള സ്റ്റേജ് സാമഗ്രികളുമായി പോയ മിനി ലോറിയുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. പാറശ്ശാലയില്‍ രണ്ടു സ്വകാര്യ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. നഗരത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും ഗ്രാമപ്രദേശങ്ങള്‍ ഏറെക്കുറെ നിശ്ചലമാണ്.

ചിറയിന്‍കീഴില്‍ താലൂക്ക് ഓഫീസിലെത്തിയ ജീവനക്കാരെ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നഗരത്തില്‍ പോലീസ് സംരക്ഷണത്തോടെ കെ.എസ്.ആര്‍.ടി.സി. പ്രധാന സര്‍വീസുകള്‍ നടത്തി. ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്താന്‍ ശ്രമമുണ്ടായെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട, വെള്ളറട, പൂവാര്‍, പാറശ്ശാല, വെഞ്ഞാറമൂട്, കല്ലറ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ ബസുകളുള്‍പ്പെടെ തടഞ്ഞിട്ടു. വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

യെച്ചൂരിക്കെതിരായ ഹിന്ദുസേനയുടെ ആക്രമണത്തെ തുടര്‍ന്ന് കേരളത്തിലാകമാനം സി.പി.എം. പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെയും അനുകൂല പരിവാര്‍ സംഘടനകളുടെയും കൊടിമരമുള്‍പ്പെടെ തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടു. രാത്രി എട്ടോടെ ബി.ജെ.പിയുടെ സ്റ്റാച്യൂ ട്യൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ മുഖം മറച്ചെത്തിയ ബൈക്ക് യാത്രികര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഓഫീസിന് മുന്നിലുണ്ടായിരുന്ന കസേര കത്തിയെങ്കിലും ആളില്ലാതിരുന്നതിനാല്‍ അപായമൊഴിവായി. തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.