യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം: പിബിയില്‍ തീരുമാനമായില്ല; യെച്ചൂരിയെ എതിര്‍ത്ത് കേരളഘടകം

single-img
7 June 2017

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കാനാകാതെ പൊളിറ്റ് ബ്യൂറോ. ഇന്ന് ചേര്‍ന്ന യോഗത്തിലും തര്‍ക്കം തുടര്‍ന്നതിനാലാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതോടെ അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ പൊളിറ്റ് ബ്യൂറോയില്‍ ധാരണയായി.

ജൂലൈ 23 മുതല്‍ 25 വരെയാണ് കേന്ദ്രകമ്മിറ്റി. യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെ കേരള ഘടകം ശക്തമായി എതിര്‍ത്തു. ജനറല്‍ സെക്രട്ടറി മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കേരള ഘടകം ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് കൂടി ലഭിക്കുന്ന അവസരം നഷ്ടമാക്കരുതെന്ന് ബംഗാള്‍ ഘടകം വാദിച്ചു. കൂടാതെ ബി.ജെ.പിയെ പാര്‍ലമെന്റില്‍ എതിര്‍ക്കുന്നതിന് യെച്ചൂരിയുടെ സാന്നിദ്ധ്യം ഉപകരിക്കുമെന്നും ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നു.

യച്ചൂരിയുടേതുള്‍പ്പെടെ ബംഗാളില്‍നിന്നു രാജ്യസഭയിലേക്ക് ആറു സീറ്റുകളിലാണ് ഉടനെ ഒഴിവുവരുന്നത്. അംഗബലം മാത്രം നോക്കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചു പേരെയും കോണ്‍ഗ്രസിന് ഒരാളെയും ജയിപ്പിക്കാം. ആകെ 31 എംഎല്‍എമാരുള്ള ഇടതിന് തനിച്ചു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ എട്ടു പേര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാല്‍ അവര്‍ക്കു തനിച്ചും സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവാത്ത സാഹചര്യമാണ്. യച്ചൂരിയാണ് ഇടതു സ്ഥാനാര്‍ഥിയെങ്കില്‍ തങ്ങള്‍ മല്‍സരിക്കില്ലെന്നും യച്ചൂരിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.