യു.പിയില്‍ വ്യാപാരിയെയും കുടുംബത്തെയും വെടിവെച്ചുകൊന്നു; യോഗിയുടെ ഭരണത്തില്‍ ആരും സുരക്ഷിതരല്ലേ?

single-img
7 June 2017

ഉത്തര്‍പ്രദേശ്: യു.പിയില്‍ വ്യാപാരിയെയും ഭാര്യയേയും മകനേയും അജ്ഞാതര്‍ മോഷണശ്രമത്തിനിടെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. 60കാരനായ സുനില്‍ ജെയ്‌സ്വാളും കുടുംബവുമാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് 25കാരനായ മകന്‍ ഋത്വിക്കിനൊപ്പം വീട്ടിലെത്തിയ ജെയ്‌സ്വാളിനെയും മകനെയും രണ്ടുപേര്‍ വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന ജെയ്‌സ്വാളിന്റെ ഭാര്യയെയും അക്രമികള്‍ വെടിവെച്ചു. ജെയ്‌സ്വാളും ഭാര്യയും സംഭവ സ്ഥലത്തും മകന്‍ ആശുപത്രിയിലുമാണ് മരിച്ചത്.

അക്രമികളെ തടയാന്‍ ശ്രമിച്ച അയല്‍വാസിക്കു നേരെയും വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. മോഷണ ശ്രമത്തിനിടയിലെ കൊലപാതകമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. രണ്ട് ബൈക്കിലായെത്തിയ നാല് പേരാണ് ആക്രമണത്തിനു പിന്നില്‍.

തുടര്‍ച്ചയായി ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ജനം ആശങ്കയിലാണ്. സീതാപൂരില്‍ കഴിഞ്ഞ ദിവസം ഒരു വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു കഴിഞ്ഞ മാസം അലഹാബാദില്‍ 36കാരനായ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. ജെവാറിലെ ദേശീയപാതയില്‍ കവര്‍ച്ചാസംഘം തോക്കു ചൂണ്ടി ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു