ഇന്ത്യയുടെ ആദ്യ വനിതാ പോര്‍ വിമാന പൈലറ്റുമാര്‍ റെഡി; ഇനി സൂപ്പര്‍സോണിക് ജെറ്റുമായി പോര്‍മുഖത്തേക്ക്

single-img
7 June 2017

ന്യൂഡല്‍ഹി: ഭാവന കാന്ത്, മോഹ്‌ന സിങ്, ആവണി ചൗധരി. ഇന്ത്യയുടെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുമാരിലെ മുവര്‍സംഘം. പരിശീലനം പൂര്‍ത്തിയാക്കി സെപ്തംബറില്‍ ഇവര്‍ പറന്നുയരുന്നത് അഭിമാന നിമിഷത്തിലേക്ക്. സൂപ്പര്‍സോണിക് സുഖോയ് 30 ജെറ്റാണ് ഇവര്‍ പറത്തുക.

കഴിഞ്ഞ ജൂണിലാണ് ഇവര്‍ വ്യോമസേനയുടെ ഫ്‌ലൈയിങ്ങ് ഓഫീസര്‍മാരായി നിയമിതരായത്. നിലവില്‍ പശ്ചിമ ബംഗാളിലെ കലൈക്കുണ്ടയില്‍ പരിശീലനത്തിലാണ്. സെപ്തംബറിലാണ് പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോര്‍ വിമാനം പറത്തുന്നത്. രണ്ടു സീറ്റുകളുള്ള സുഖോയ് 30 പുതുതലമുറ പോര്‍ വിമാനമാണ്.

യുദ്ധമേഖലകളിലെ നിയമനങ്ങളില്‍ ലിംഗ വിവേചനം ഒഴിവാക്കാനുള്ള 2015 ഒക്‌ടോബറിലെ സര്‍ക്കാര്‍ തീരുമാനമാണ് വനിതകള്‍ക്ക് പോര്‍മുഖത്തേക്ക് വരുന്നതിന് അവസരമൊരുക്കിയത്. 40 പേരടങ്ങുന്ന ബാച്ചിലാണ് വനിതകളും പരിശീലിക്കുന്നത്. ജൂണില്‍ പരിശീലനം പൂര്‍ത്തിയാക്കേണ്ട ബാച്ചിന് മോശം കാലാസ്ഥ മൂലം താമസം നേരിട്ടതിനാലാണ് സെപ്തംബര്‍ വരെ നീണ്ടത്. ഇവരുടെ പരിശീലന സമയത്തെ പ്രകടനം പുരുഷന്‍മാരുടേതിന് സമാനമായിരുന്നെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് ശേഷം മറ്റ് സ്ത്രീകള്‍ പോര്‍മുഖം തെരഞ്ഞെടുത്തിട്ടില്ല.

മൂന്നു പേരെയും ആദ്യം ഒരു സ്ഥലത്തു തന്നെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുകയെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആദ്യകാലഘട്ടങ്ങളില്‍ വന്‍ സമ്മര്‍ദ്ദമായിരിക്കും ഉണ്ടാവുക. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് സേനയിലെ പോര്‍വിമാന പൈലറ്റുമാരില്‍ സ്ത്രീകളായിട്ടുള്ളത്. ഇത് പരിഗണിച്ചാണ് അവര്‍ക്ക് ഒരുസ്ഥലത്ത് ഡ്യൂട്ടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയെ ബാധിക്കാതിരിക്കാന്‍ കുറഞ്ഞത് നാലു വര്‍ഷത്തേക്കെങ്കിലും ഗര്‍ഭം ധരിക്കരുതെന്നാണ് സേനയുടെ നിര്‍ദേശം.