രാജമൗലിയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു

single-img
7 June 2017

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡിന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പെ സൂപ്പര്‍ താരം പ്രഭാസും രാജമൗലിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ഡി.എന്‍.എ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍ പ്രഭാസ്. അതിന് ശേഷം രാജമൗലിയുമായി ഒന്നിക്കുമെന്നും ചിത്രത്തിന്റെ ആശയം സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലും ഹിന്ദിയിലുമാവും ചിത്രമൊരുങ്ങുക. വാര്‍ത്ത ശരിയാണെങ്കില്‍ അടുത്ത വര്‍ഷം വീണ്ടുമൊരു രാജമൗലിപ്രഭാസ് ചിത്രത്തിന് അരങ്ങൊരുങ്ങും.

അതേസമയം കരണ്‍ ജോഹര്‍ പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവധി ആഘോഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്ന് അടുത്തിടെയാണ് പ്രഭാസ് മടങ്ങിയെത്തിയത്. സാഹോയുടെ അടുത്ത ഘട്ട ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 150 കോടി മുടക്കിലാണ് സാഹോയൊരുങ്ങുന്നത്. അതേസമയം ബാഹുബലിയുടെ രണ്ടാം ഭാഗം 1700 കോടി ക്ലബ്ബില്‍ പ്രവേശിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയിലും റിലീസിന് തയ്യാറെടുക്കുകയാണ് ബാഹുബലി ടീം. ആമിര്‍ഖാന്റെ ദംഗല്‍ ചൈനയില്‍ നിന്ന് വന്‍ കളക്ഷന്‍ നേടിയതിന് പിന്നാലെയാണ് ബാഹുബലയും ചൈനയില്‍ റിലീസിനൊരുങ്ങുന്നത്.