ഖത്തര്‍ പ്രതിസന്ധി അയയാന്‍ സാധ്യതകള്‍ തെളിയുന്നു; പെരുന്നാളിന് മുമ്പ് പ്രതിസന്ധി പരിഹരിച്ചേക്കും

single-img
7 June 2017

ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യങ്ങള്‍ മുന്‍കൈ എടുത്തതോടെ പെരുന്നാളിന് മുമ്പ് പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിഞ്ഞു. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ നേരിട്ടു ചര്‍ച്ച നടത്തി ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷിതത്വത്തിനും സമാധാനത്തിനുമായി ഒന്നിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിനു പുറമെ ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് ആശയവിനിമയത്തില്‍ പങ്കുവെച്ചതായും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. തന്റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഖത്തറിനെതിരായ നടപടിയെന്ന് മുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിലൂടെ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈറ്റ് അമീര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം സല്‍മാന്‍ രാജാവുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഖത്തറിനെതിരെ കൈകൊണ്ടിരിക്കുന്ന കടുത്ത നടപടികള്‍ പുനപരിശോധിക്കണമെന്ന് ഇദ്ദേഹം സൗദി രാജാവിനോട് അഭ്യര്‍ഥിച്ചു.

നേരത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഷെയ്ക്ക് സബാ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംയമനം പാലിക്കണമെന്നും കടുത്ത നടപടികള്‍ സ്വീകരികരുതെന്നുമുള്ള കുവൈത്തിന്റെ അഭ്യര്‍ഥന മാനിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഖത്തര്‍ അമീര്‍ പിന്‍മാറുകയും ചെയ്തു. പാലസ്തീന്‍ വിമത ഗ്രൂപ്പായ ഹമാസ് ഈജിപ്റ്റിലെ മുസ്ലീം ബ്രദര്‍ഹുഡ് എന്നീ ഗ്രൂപ്പുകളുമായുള്ള ബന്ധം ഖത്തര്‍ അവസാനിപ്പിക്കണമെന്ന് സൗദി രാഷ്ട്രങ്ങള്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടാതെ ഖത്തറിന്റെ അധീനതയിലുള്ള അല്‍ജസീറ ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തലാക്കണമെന്ന ആവശ്യവും ഈ രാജ്യങ്ങള്‍ പ്രശ്‌ന പരിഹാരത്തിനായി മുന്നോട്ട് വെയ്ക്കുന്നുണ്ട്‌. അതേസമയം, വിഷയത്തില്‍ കുവൈത്തിന്റെ ഇടപെടലും ഖത്തര്‍ ചര്‍ച്ചകള്‍ക്ക് മുന്നോട്ട് വന്നതും പ്രതിസന്ധി പെരുന്നാളിന് മുന്‍പ് പരിഹരിക്കപ്പെടുന്ന സൂചനയാണ് നല്‍കുന്നത്.

പെരുന്നാള്‍ സമയത്ത് ലക്ഷകണക്കിനു ജനങ്ങളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ഖത്തറിലേക്കും അവിടെ നിന്ന് സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നിവടങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ഖത്തറുമായുള്ള കടല്‍, ആകാശബന്ധം യുഎഇ വിഛേദിച്ചതിനെ തുടര്‍ന്നു ഫുജൈറ, ജബല്‍ അലി, അബുദാബി, തുടങ്ങിയിടങ്ങളില്‍ നിന്നു ചരക്കുനീക്കം തടസ്സപ്പെട്ടെങ്കിലും നിരോധനമില്ലാതെ രാജ്യങ്ങള്‍ വഴി അത്യാവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.