കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി വിശദീകരണം തേടി

single-img
7 June 2017

കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനു കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ചട്ടങ്ങള്‍ സ്റ്റേ ചെയ്യുന്നതിനു ഭരണഘടനാപരമായ തടസ്സമുണ്ട്. ഇടക്കാല ഉത്തരവ് ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടു സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നും വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തമാസം 28നു വീണ്ടും പരിഗണിക്കും. ഹൈബി ഈഡന്‍ എംഎല്‍എയും ഇറച്ചി വ്യാപാരികളും തൊഴിലാളികളും മറ്റും നല്‍കിയ ഹര്‍ജികള്‍ പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ അപേക്ഷിച്ചിരുന്നു. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനമില്ല, അതിനാല്‍ കന്നുകാലി കടത്ത് നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കാലിച്ചന്തകളില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനാണു പുതിയ ചട്ടമനുസരിച്ചു വിലക്കുള്ളതെന്നു കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതിനപ്പുറം ചട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി 2017 മേയ് 23നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഹര്‍ജി. കേന്ദ്ര നടപടി ഫെഡറല്‍ സംവിധാനത്തെ തകിടംമറിക്കുമെന്നും മൗലികാവകാശ ലംഘനമാണെന്നും ഹര്‍ജിഭാഗം ആരോപിച്ചു. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.