പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അയച്ച മെസേജുകള്‍ അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചെടുക്കാം

single-img
7 June 2017

വാട്‌സ്ആപ്പില്‍ ചാറ്റിങിനിടെ അക്കിടി പറ്റാത്തവര്‍ ചുരുക്കമാണ്. പലപ്പോഴും നമ്മള്‍ മെസേജുകള്‍ മാറി അയക്കുകയോ തെറ്റായി അയക്കുകയോ ഒക്കെ ചെയ്യാറില്ലേ? അതു വഴി പലപൊല്ലാപ്പുകള്‍ നേരിടേണ്ടിയും വന്നിട്ടില്ലേ… അപ്പോഴൊക്കെ നമ്മള്‍ കരുതും അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. കൈവിട്ട കല്ലും, അയച്ച മെസേജും ഒരുപോലെ, എന്തുചെയ്താലും തിരിച്ചെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കൈവിട്ട കല്ല് തിരിച്ചെടുക്കാന്‍ പറ്റിയില്ലെങ്കിലും അയച്ച മെസേജുകള്‍ തിരിച്ചു പിടിക്കാം….അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പിന്റെ പുതിയ സംഭാവന. ഇതനുസരിച്ച് നാം അയച്ച മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും അഞ്ച് മിനുറ്റിനകം അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

റീകാള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ വാട്‌സ് ആപ്പില്‍ പ്രാവര്‍ത്തികമാക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ആപ്പിന്റെ ബീറ്റ വെര്‍ഷനില്‍ അന്നത് പരീക്ഷിക്കുയും ചെയ്തിരുന്നു. റീകാള്‍ ഫീച്ചര്‍ ഉടന്‍ നടപ്പിലാക്കാന്‍ വാട്‌സ് ആപ്പ് ഒരുങ്ങുന്നുവെന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാന്‍ സൈറ്റായ വാബീറ്റല്‍എന്‍ഫോ വെളിപ്പെടുത്തുന്നു. വാട്‌സ് ആപ്പിന്റെ ഫീച്ചറുകള്‍ ഇതിന് മുമ്പ് ഈ സ്ഥാനം ടെസ്റ്റ് ചെയ്തിരുന്നു. ടെക്സ്റ്റുകള്‍, ഇമേജുകള്‍, വീഡിയോകള്‍, ജിഐഎഫുകള്‍, ഡോക്യുമെന്റുകള്‍, ക്വോട്ടഡ് മെസേജുകള്‍, സ്റ്റാറ്റസ് റിപ്ലൈ തുടങ്ങി ഏത് തരത്തിലുമുള്ള മെസേജുകളും റീകാളിലൂടെ തിരിച്ചെടുക്കാന്‍ സാധിക്കും.

പുതിയ ഫീച്ചര്‍ പ്രകാരം യൂസര്‍മാര്‍ക്ക് മെസേജുകള്‍ അയച്ച് അഞ്ച് മിനുറ്റിനകം ഇവ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ആപ്പിന്റെ വെര്‍ഷന്‍ 2.17.30 ന്റെ കോഡില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാട് ആപ്പ് ഇത് വരെ അത് യൂസര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് വാബീറ്റല്‍എന്‍ഫോ വെളിപ്പെടുത്തുന്നത്. ഇന്നലെ രാവിലെ വാട്‌സ് ആപ്പ് വെര്‍ഷന്‍ 2.17.30 ആപ്പിള്‍ സ്റ്റോറില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ റീകാള്‍ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രിലില്‍ ടെസ്റ്റ് ചെയ്ത ബീറ്റ പതിപ്പില്‍ മറ്റ് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ് ആപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.