ഹൃദയത്തെ നടുക്കിയ കാഴ്ച: കൂട്ടമാനഭംഗത്തിനിരയായ സ്ത്രീ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍

single-img
7 June 2017

മനുഷ്യത്വം നശിച്ച 3 പേര്‍ ചേര്‍ന്ന് തന്റെ കുഞ്ഞിനെ വലിച്ചെറിഞ്ഞുകൊന്ന സത്യം അറിയാതെ ഒരമ്മ മൃതദേഹവുമായി മെട്രോടെയിനില്‍ സഞ്ചരിച്ചത് ഹൃദയത്തെ നടുക്കിയ കാഴ്ചയായി. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗുഡ്ഗാവിലുള്ള വീട്ടില്‍ നിന്നും ഭര്‍ത്താവുമായി വഴക്കിട്ട് കൈക്കുഞ്ഞുമായി ഖണ്ട റോഡിലുള്ള സ്വന്തം വീട്ടിലേക്ക്‌ പുറപ്പെട്ട 23 കാരിയായ യുവതിയെ ഓട്ടോയിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പീഡനത്തിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് അലറി കരയാന്‍ ആരംഭിച്ചതോടെ ഇവര്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിഞ്ഞു. പീഡന ശേഷം മൂവര്‍സംഘം മടങ്ങിയതോടെ കുഞ്ഞിനായി അലഞ്ഞ് നടന്ന യുവതിക്ക് ലഭിച്ചത് കുഞ്ഞിന്റെ മൃതദേഹമായിരുന്നു. കുഞ്ഞ് മരിച്ചതറിയാതെ ഒന്‍പതുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് ജീവനുണ്ടെന്ന തെറ്റിദ്ധാരണയില്‍ യുവതി ഡല്‍ഹി മെട്രോയില്‍ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവതി, തന്റെ കുഞ്ഞ് മരിച്ചിട്ടില്ലെന്ന് അലമുറയിട്ടു. കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചെങ്കിലും അതംഗീകരിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി യുവതി തുഗ്ലക്കാബാദിലുള്ള സ്വന്തം വീട്ടിലേക്ക് മെട്രോയില്‍ പുറപ്പെടുകയായിരുന്നു.

അവിടെയെത്തി കുഞ്ഞിനെ മറ്റൊരു ഡോക്ടറെ കാണിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പേ കുട്ടി മരിച്ചുവെന്ന് ആ ഡോക്ടറും വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറം ലോകം അറിയുന്നത്. തന്റെ കുഞ്ഞിനെ മൂന്നു പേര്‍ ഓട്ടോയില്‍ നിന്ന്‌
വലിച്ചെറിഞ്ഞു കൊന്നുവെന്നു ആദ്യം മൊഴി നല്‍കിയ യുവതി പിന്നീട് താന്‍ കൂട്ട ബലാല്‍സംഘത്തിന് ഇരയായെന്ന് വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.