മുഖ്യമന്ത്രി പദത്തെ പറ്റി പുറത്തുവന്ന വാര്‍ത്തകള്‍ തള്ളാതെ മാണി; ‘സുധാകരന്‍ വളരെ മാന്യനായ വ്യക്തി’

single-img
7 June 2017

കേരള കോണ്‍ഗ്രസ് മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി സുധാകരന്റെ പ്രസ്താവനയെയും തളളാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യുഡിഎഫിനെ അട്ടിമറിച്ച് അധികാര സ്ഥാനത്തിനുവേണ്ടി ശ്രമിച്ചിട്ടില്ലെന്നും യുഡിഎഫിനെ സംരക്ഷിക്കുന്നതിനുളള നടപടികളാണ് സ്വീകരിച്ചിരുന്നതെന്നും മാണി വ്യക്തമാക്കി.

മുഖപത്രമായ പ്രതിഛായയില്‍ വന്ന കാര്യങ്ങള്‍ തന്നോട് ആലോചിച്ചോ, അറിഞ്ഞോ ഉളളതല്ലെന്നും അവര്‍ അവരുടെതായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിയിരിക്കാമെന്നും മാണി പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് സുധാകരന്‍ പറഞ്ഞവാക്കുകള്‍ അദ്ദേഹത്തിന് ലഭിച്ച അറിവുകളില്‍ നിന്നായിരിക്കാം. ഇത് താന്‍ കേട്ടിരുന്നില്ലെന്നും മാണി പറഞ്ഞു.

സുധാകരന്‍ വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. യുഡിഎഫിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. എല്‍ഡിഎഫുമായുളള ചര്‍ച്ചകള്‍ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മാണി വ്യക്തമാക്കി. നേരത്തെ മന്ത്രി ജി. സുധാകരന്‍ ഇക്കാര്യം പ്രസംഗത്തില്‍ സൂചിപ്പിച്ചത് പിന്നീട് വിവാദമായിരുന്നു.