മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ‘പ്രതിച്ഛായ’; മാണിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു

single-img
7 June 2017

കെഎം മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയുടെ മുഖപ്രസംഗം. ശക്തമായ പ്രലോഭനമുണ്ടായിട്ടും യുഡിഎഫിനെ തകര്‍ക്കാന്‍ കെഎം മാണി തയ്യാറായില്ല. മുഖ്യമന്ത്രി പദം നിരസിച്ച് യുഡിഎഫിനായി നിന്ന മാണിക്ക് സമ്മാനമായി നല്‍കിയത് ബാര്‍ കോഴക്കേസാണെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം ആരോപിക്കുന്നു. മാണിയെ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചു. എന്നിട്ട് മാണിക്കു മുന്നില്‍ ഈ നേതാക്കള്‍ അഭിനയിക്കുകയായിരുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിച്ഛായയുടെ മുഖപ്രസംഗം.

2012ല്‍ താന്‍ നിയമസഭയില്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മാണിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥാനം ലഭിക്കുമായിരുന്നുവെന്ന് കഴിഞ്ഞ മാസം മുപ്പതിന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്ക് വളച്ചൊടിച്ചെന്നും വ്യക്തമാക്കി സുധാകരന്‍ പിന്നീട് പ്രസ്താവന ഇറക്കിയിരുന്നു.