സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; അരിക്ക് ഒരാഴ്ചക്കിടെ കൂടിയത് 5 രൂപ

single-img
7 June 2017

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീപിടിച്ച വില. അരിക്ക് ഒരാഴ്ചക്കിടെ അഞ്ചു രൂപവരെ ഉയര്‍ന്നു. റംസാന്‍ അടുത്തതോടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റിയതായി വീട്ടമ്മമാര്‍ പറയുന്നു.

ആന്ധ്ര അരിക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിക്ക് ഒരാഴ്ചക്കിടെ അഞ്ചു രൂപവരെ ഉയര്‍ന്നു. ഓണം വിപണി ലക്ഷ്യമിട്ട് അരിക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള ആന്ധ്ര ലോബിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാഴ്ചയായി അരി വരവില്‍ കുറവുമുണ്ട്. 50 രൂപ വരെ ഉയര്‍ന്ന അരിവില ബംഗാളില്‍ നിന്ന് അരിയിറക്കിയാണ് സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയത്. മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ജയ, സുരേഖ എന്നിവക്കാണ് വില കൂടിയത്.

ഇതോടൊപ്പം പച്ചക്കറിയുടേയും ഉള്ളിയുടേയും വില കുതിച്ചുയരുകയാണ്. ഒരു കിലോ ഉള്ളിക്ക് 130 രൂപ വരെയാണ് തലസ്ഥാനത്ത് മാര്‍ക്കറ്റ് വില. പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കും കഴിഞ്ഞ രണ്ടാഴ്ചക്കിടെ വില വര്‍ധിച്ചിട്ടുണ്ട്. മൊത്തവില്‍പ്പന ശാലകളില്‍ 120 രൂപ വരേയും, ചില്ലറ വില്‍പ്പനശാലകളില്‍ 130 രൂപ വരേയും നല്‍കിയാല്‍ മാത്രമേ ഒരുകിലോ ഉള്ളി ലഭിക്കൂ.

രണ്ടാഴ്ച്ചക്കുള്ളില്‍ കാരറ്റിന്റെയും ചെറിയ നാരങ്ങയുടെയും വില ഇരട്ടിയായി. മത്തങ്ങ, കോവയ്ക്ക തുടങ്ങിയവയുടെ വില അല്‍പം കുറഞ്ഞിട്ടുണ്ട്. പച്ചമുളക് കിലോയ്ക്ക് 60 രൂപ നല്‍കണം, വെണ്ടക്കയുടെ വില 5 രൂപ ഉയര്‍ന്ന് 40 രൂപയായി. മറ്റ് പച്ചക്കറികളുടെ വില ഇങ്ങനെ. ബീന്‍സ് 70 രൂപ, ചെറുനാരങ്ങ 60 രൂപ, കാരറ്റിന് 50 രൂപ, ബീറ്റ്‌റൂട്ടിന് 50 രൂപ, പടവലങ്ങ 40 രൂപ, ചേന 50 രൂപ. തമിഴ്‌നാട്ടിലെ പ്രതികൂലകാലാവസ്ഥയാണ് വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.