ഹിജാമയെന്ന കപടചികിത്സയെ തുറന്നുകാണിക്കുന്ന ഇൻഫോ ക്ലിനിക്ക് പേജിന്റെ പോസ്റ്റ് മാസ്സ് റിപ്പോർട്ടിംഗ് വഴി നീക്കം ചെയ്തു

single-img
7 June 2017

അശാസ്ത്രീയമായ കപടചികിത്സകൾക്കെതിരേ സാധാരണജനങ്ങളെ ബോധവൽക്കരിക്കാൻ ഒരുകൂട്ടം ഡോക്ടർമാർ ചേർന്ന് നടത്തുന്ന ഫേയ്സ്ബുക്ക് പേജാണു ഇൻഫോക്ലിനിക്ക്. ആധുനികവൈദ്യശാസ്ത്രത്തിനെതിരായി അബദ്ധധാരണകൾ പരത്തുന്ന കപടചികിത്സകരേയും വാക്സിൻ വിരുദ്ധരേയും ശാസ്ത്രീയമായ വാദങ്ങൾ നിരത്തി പൊളിച്ചടുക്കുന്നതിലൂടെ ചുരുങ്ങിയകാലം കൊണ്ട് ഈ പേജ് ജനശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

എന്നാൽ ഇന്നലെ ഇൻഫോക്ലിനിക്ക് പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് ഒരുകൂട്ടം ആളുകൾ ചേർന്ന് റിപ്പോർട്ട് ചെയ്തു നീക്കം ചെയ്യുകയുണ്ടായി. ഹിജാമ അഥവാ കൊമ്പുവെയ്ക്കൽ എന്ന കപടചികിത്സയുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കുറിപ്പാണു നീക്കം ചെയ്യപ്പെട്ടത്. കുറിപ്പ് പ്രസിദ്ധീകരിച്ചയുടൻ ഹിജാമയുടെ വക്താക്കൾ പേജിനെതിരേ കാമ്പയിൻ ആരംഭിക്കുകയായിരുന്നു. പേജിൽ നടന്ന ചർച്ചകളിൽ തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാൻ കഴിയാതെ വന്നപ്പോഴാണു പോസ്റ്റ് നീക്കം ചെയ്യാൻ അവർ റിപ്പോർട്ടിംഗ് നടത്തിയതെന്ന് ഇൻഫോ ക്ലിനിക്കിന്റെ വക്താവായ ഒരു ഡോക്ടർ ഇ-വാർത്തയോടു പറഞ്ഞു.

കപടചികിത്സകർ റിപ്പോർട്ട് ചെയ്തു നീക്കം ചെയ്യിച്ച ഇൻഫോക്ലിനിക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം:


ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത

സ്‌കൂളിൽ വെച്ച്‌ സയൻസ്‌ പുസ്‌തകം ബയോളജിയും കെമിസ്‌ട്രിയും ഫിസിക്‌സുമായി തല്ലിപ്പിരിയുന്നതിന്‌ മുൻപ്‌ തന്നെ ഹൃദയത്തിന്‌ നാല്‌ അറകളുണ്ടെന്നും വലത്‌ ഭാഗത്ത്‌ അശുദ്ധരക്‌തവും ഇടത്‌ ഭാഗത്ത്‌ ശുദ്ധരക്‌തവുമെന്ന്‌ പഠിച്ചെന്ന്‌ തോന്നുന്നു. ഓക്‌സിജനില്ലാത്ത രക്‌തത്തിലേക്ക്‌ ശ്വാസകോശം കാർബൺ ഡൈഓക്‌സൈഡ്‌ കളഞ്ഞ്‌ ഓക്‌സിജൻ കലർത്തുന്നത്‌ ഏതാണ്ട്‌ സോഡയടിക്കുന്നത്‌ പോലൊരു പരിപാടിയായിട്ടാണ്‌ കുഞ്ഞുമനസ്സ്‌ അന്ന്‌ സങ്കൽപിച്ചത്‌.

കാലം ഇരുണ്ടും വെളുത്തും മെഡിക്കൽ കോളേജിലെ തടിയൻ പുസ്‌തകങ്ങളിലേക്ക്‌ തള്ളിയിട്ടപ്പോൾ മനസ്സിലായി ഹൃദയവും ശ്വാസകോശവും വൃക്കയും കൂടി ജനനം തൊട്ട്‌ മരണം വരെ ഒരു നിമിഷം നിർത്താതെ പണിയെടുത്താണ്‌ ശരീരത്തിൽ നിന്നും പുറന്തള്ളേണ്ട വസ്തുക്കൾ പുറന്തള്ളുന്നതെന്ന്. എത്രയോ ഘടകങ്ങൾ ചേർന്നാൽ മാത്രം കാര്യക്ഷമമായി നടക്കുന്ന ഈ പ്രക്രിയയിലേക്ക്‌ ചില പോക്കറ്റ്‌ റോഡുകൾ ചെയ്യുന്ന ഫലം മാത്രമാണ്‌ ചെറിയ സിരകളും ധമനികളും രണ്ട്‌ പേർ ചേർന്ന്‌ കൈകോർക്കുന്ന കാപില്ലറികളും ചെയ്യുന്നതെന്ന്‌ ശരീരശാസ്‌ത്രം വഴി പഠിച്ചു.

ഇപ്പോൾ കേൾക്കുന്നു ‘ഹിജാമ’ എന്ന മായാചികിത്‌സ വഴി പുറത്ത്‌ മുറിവുണ്ടാക്കി ‘കെട്ടിക്കിടക്കുന്ന അശുദ്ധരക്‌തം’ ഒഴുക്കിക്കളഞ്ഞാൽ ഒരുപാട്‌ രോഗങ്ങൾ അകലുമെന്ന്‌. പൊളിച്ച്….

ഇതെങ്ങനെ സാധ്യമാകുമെന്ന്‌ ഇത്‌ ചെയ്യുന്നവരോട്‌ ചോദിച്ചിട്ട്‌ പോലും വ്യക്‌തമായൊരു മറുപടി നേടാൻ സാധിച്ചിട്ടില്ല. ഗവേഷണമോ പഠനമോ ഉണ്ടോ? ഏത്‌ തരം രക്‌തക്കുഴലിൽ നിന്നാണു ബ്ലീഡിങ്ങ്? അവിടെ രക്തം എങ്ങനെയാണു കെട്ടിനിൽക്കുന്നത്? നോ റിപ്ലൈ…

ആർട്ടറിയിലെ/വെയിനിലെ രക്‌തം തിരിച്ചറിയാൻ പോലും അതിലെ ഓക്‌സിജന്റെയും കാർബൺ ഡയോക്‌സൈഡിന്റെയും അളവ്‌ പരിശോധിച്ചാൽ സാധിക്കുമെന്നിരിക്കേ, തൃപ്‌തികരമായൊരു വിശദീകരണത്തിന്റെ അഭാവം വിശദീകരണമില്ലാതെ വിശ്വാസം മാത്രം അടിസ്‌ഥാനമാക്കിയ കാലഹരണപ്പെട്ട രീതി മാത്രമാണിത്‌ എന്നുള്ളതിന്റെ ആദ്യ തെളിവാണ്.

ഇനിയൊരു വാദത്തിന്‌ സിരയിലുള്ള ഓക്‌സിജൻ അളവ്‌ കുറഞ്ഞ രക്‌തം ‘അശുദ്ധരക്‌തം’ എന്ന്‌ കരുതാം. യഥാർഥത്തിൽ ഇതൊരു അബദ്ധപ്രയോഗമാണ്. ഓക്സിജനേറ്റഡ് – ഡീ ഓക്സിജനേറ്റഡ് രക്തമാണുള്ളത്. ശരീരത്തിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കേണ്ട “അശുദ്ധമായ” രക്തം ശരീരത്തിൽ ഇല്ല.

അപ്പോൾ ‘ടി – ശുദ്ധരക്തം ‘ ധമനി വഴിയും മറ്റേത് സിര വഴിയുമാണ്‌ ഒഴുകുന്നത്‌. ഏറ്റവും കട്ടിയുള്ള തൊലിയുള്ള മുതുകിൽ ആർട്ടറിയോ വെയിനോ തൊട്ട്‌ കണ്ടു പിടിക്കുക പോലും അസാധ്യം. അവിടെ വലിയ രക്തക്കുഴലുകളും ഇല്ല. പിന്നെ എങ്ങനെയാണ്‌ ഈ മുറിവുകൾ അവർ അവകാശപ്പെടുന്ന കൃത്യമായ രീതിയിൽ സാധ്യമാകുക !

ഇനി അങ്ങനെ മുറിച്ച്‌ കുറച്ച്‌ deoxygenated blood ഒഴുകിപ്പോയെന്ന് വച്ചോ.. തന്നെ രക്‌തനഷ്‌ടത്തിനപ്പുറം എന്താകും സംഭവിക്കുക? എവിടെയാണ്‌, എന്താണ്‌ ശരീരത്തിൽ കെട്ടിക്കിടക്കുന്നത്‌? ഹൃദയവും ശ്വാസകോശവുമൊഴിച്ച്‌ എവിടെ മുറിച്ചാലും വരുന്നത്‌ ഒരേ രക്തമാണ്‌. രക്‌തം എവിടെയെങ്കിലും കെട്ടിക്കിടന്നാൽ അത്‌ സാരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുക. അതാണ്‌ വെരിക്കോസ്‌ വെയിനിൽ സംഭവിക്കുന്നത്‌ (stasis). എന്നാൽ ഈ രോഗാവസ്‌ഥയിൽ പോലും സ്‌ഥിരമായി കെട്ടിക്കിടക്കുന്നില്ല. മറിച്ച്‌, രക്‌തം തിരിച്ച്‌ ഹൃദയത്തിലേക്കൊഴുകാനുള്ള താമസം സംഭവിക്കുന്നുവെന്ന്‌ മാത്രം.

അമിതമായുള്ള ഫ്ലൂയിഡ്‌ ഒഴുക്കി കളയുന്നു എന്ന്‌ പറയുന്നു ചില ഹിജാമക്കാർ. ഏകദേശം അഞ്ചര ലിറ്റർ രക്‌തമാണ്‌ മനുഷ്യശരീരത്തിലുള്ളത്‌. അതിനേക്കാൾ പരിധി വിട്ട ജലാംശം ശരീരത്തിൽ ഉണ്ടായാൽ (fluid overload) അത്‌ ശരീരത്തിൽ നീർക്കെട്ടായി തന്നെ കാണും. ഇതിന്‌ വിവിധ കാരണങ്ങളുണ്ട്‌. എവിടെയെങ്കിലും നാല്‌ മുറിവുണ്ടാക്കിയാൽ ഈ നീര്‌ ചുമ്മാ അങ്ങ് ഒഴുക്കി കളയാൻ സാധിക്കുകയുമില്ല. പല കംപാർട്ട്‌മെന്റുകളിലായി പരന്നുകിടക്കുന്ന മനുഷ്യശരീരത്തിലെ ജലം ഒരിക്കലും ഇതു പോലെ എളുപ്പം കൈയിലൊതുങ്ങില്ല.

ശരീരത്തിൽ ജലാംശം വളരെ കൂടിയ അവസ്‌ഥയിൽ ശ്വാസകോശത്തിൽ നീർക്കെട്ട്‌ വന്ന്‌ രോഗി മരിക്കാൻ പോലും സാധ്യതയുണ്ട്‌ (pulmonary edema). ഇതൊരു മെഡിക്കൽ എമർജൻസിയാണ്‌. പുറത്ത്‌ മുറിവുണ്ടാക്കാൻ പോയിട്ട്‌ ആവശ്യത്തിന്‌ ശ്വാസമെടുക്കാൻ പോലും സാധിക്കാതെയാണ്‌ രോഗി ആശുപത്രിയിലെത്തുക. പറഞ്ഞുവന്നത് ചുമ്മാ ഫ്ലൂയിഡ്‌ ശരീരത്തിൽ നിലനിൽക്കില്ല, അത്‌ പുറത്ത്‌ വിടാനാണ്‌ വൃക്ക മുതൽ തൊലി വരെയുള്ള ശരീരാവയവങ്ങൾ. അഥവാ നിലനിന്നാൽ അതൊരു അത്യാഹിതാവസ്‌ഥയാണ്‌. അതായത്‌, ശരീരം നോർമൽ ആണെങ്കിലും അബ്‌നോർമൽ ആണെങ്കിലും ഈ ‘രക്‌തമൊഴുക്കൽ’ കൊണ്ട്‌ പ്രത്യേകിച്ച്‌ ഫലസിദ്ധിയൊന്നുമില്ല.

ഇനി ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുന്നു എന്ന വാദം. ശരീരത്തിലെ വിഷാംശം, അത്‌ ഇനി ജീവികളിൽ നിന്നോ രാസവസ്‌തുക്കളിൽ നിന്നോ വന്നതാവട്ടെ, ശുദ്ധീകരിക്കാൻ കരളും വൃക്കയുമുണ്ട്‌. അവയ്‌ക്കാണ്‌ പ്രധാനമായും ആ ധർമ്മം. അവർ അരിച്ചെടുക്കുന്ന രക്‌തം ശരീരത്തിലൂടെ അങ്ങോളമിങ്ങോളം ഒഴുകുന്നു. ഒരേ രക്‌തം പല വഴിക്ക്‌. എല്ലായിടത്തും ഒരേ ഘടകങ്ങളാണ്‌ ഈ രക്‌തത്തിന്‌. വിഷാംശം ഒരു ഭാഗത്ത്‌ മാത്രമായി കേന്ദ്രീകരിച്ചല്ല ഉള്ളത്‌. സാധാരണ ഗതിയിൽ, വലതുകൈയിൽ കുത്തിയാലും ഇടത്‌ കൈയിൽ കുത്തിയാലും കാലിൽ കുത്തിയാലും ബ്ലഡ്‌ ടെസ്‌റ്റ്‌ റിസൽറ്റുകൾക്ക്‌ ഒരു മാറ്റവുമുണ്ടാകില്ല. ഇത്‌ തന്നെയാണ്‌ കാരണം. പിന്നെങ്ങനെ മുറിവിലൂടെ മാത്രം കൃത്യമായി വിഷാംശം പുറത്തെത്തും?

ശരീരത്തിലെ പല രോഗാവസ്‌ഥകൾക്കും ഈ രക്‌തച്ചൊരിച്ചിൽ ഒരുത്തമ പരിഹാരമെന്ന പ്രചാരണവുമുണ്ട്‌. മറ്റു രോഗങ്ങളെ ചികിത്‌സിക്കുന്നത്‌ മാറ്റി വെക്കാം. ഈ ഒരു പ്രക്രിയക്ക്‌ എന്തെങ്കിലും വിശ്വാസ്യത അവകാശപ്പെടാൻ ഉണ്ടെങ്കിൽ, രക്‌തശുദ്ധീകരണത്തിന്‌ ഉപയോഗിക്കുന്ന ഡയാലിസിസിന്‌ പകരം ഈ ലളിതമായ പ്രക്രിയ മതിയാകുമായിരുന്നല്ലോ !

മറ്റേതൊരു കാര്യവും പോലെ മതപരമായി മാർക്കറ്റ്‌ ചെയ്യപ്പെടുന്നത്‌ കൊണ്ട്‌ യാതൊരു മറുചോദ്യവുമില്ലാതെ ഈ അശാസ്‌ത്രീയരീതി ഇവിടെ പടർന്നു പിടിക്കുന്നു. ഏതൊരു ചോദ്യവും ‘മതവികാരം വ്രണപ്പെടുത്തൽ’ ആകുമ്പോൾ കൂടുതൽ വിശദീകരണങ്ങളില്ലാതെ നില നിൽപ്പ്‌ സാധ്യമാകുകയും ചെയ്യുന്നു. ഫലസിദ്ധി ഇല്ലെന്നതിനുമപ്പുറം പല സങ്കീർണതകൾക്കും ഹിജാമ കാരണമാകാം.

ഏതൊരു അശാസ്ത്രീയതയുടെയും പിൻബലം അനുഭവ സാക്ഷ്യങ്ങളാണ്. ഒളിമ്പിക്സിൽ മെഡലുകൾ വാരിക്കൂട്ടിയ മൈക്കൽ ഫെൽപ്പ്‌സും കേരളത്തിലെ ഒരു ജനപ്രതിനിധിയും ഇത്തരം അനുഭവങ്ങളുമായി നമ്മുടെ മുന്നിലുണ്ട്. ഓർക്കുക, കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാത്തവർ ചെയ്തു എന്ന് പറയുന്ന അനുഭവ സാക്ഷ്യങ്ങൾ വിശ്വസിച്ച് ഗുരുതരമായ അസുഖങ്ങൾ ഉള്ള രോഗികൾ ഹിജാമഃ എന്നുവിളിക്കുന്ന കപ്പിംഗിന് വിധേയനാവാൻ ചെന്നാൽ നിരുത്സാഹപ്പെടുത്തുകയാണ് ഹിജാമ പ്രചാരകർ ചെയ്യുന്നത്. അതായത്, അസുഖം ഒന്നുമില്ലാത്തവർക്ക് കുറച്ചു കുത്തുകൊള്ളാം, അത്ര തന്നെ.

അല്ലെങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് മാനസികമായി കിട്ടുന്ന ഒരു സുഖം അല്ലെങ്കില്‍ പ്ലാസിബോ ഇഫെക്റ്റ് എന്ന് പറയാവുന്ന പ്രതിഭാസം മാത്രമാണ് ഇതിന്റെ പ്രഭാവം. കപ്പിംഗ് എന്ന സംഭവം 1500 ബി.സി കാലഘട്ടത്തില്‍ ഒക്കെ തൊട്ടേ ഉണ്ടായിരുന്ന പ്രാകൃത സമ്പ്രദായം ആയിരുന്നു, അതില്‍ ശാസ്ത്രീയമായ ഗുണം ഒന്നും ഇല്ലാഞ്ഞതിനാല്‍ ശാസ്ത്രം തള്ളി കളഞ്ഞതാണ്.

*ഗൗരവമുള്ള രോഗങ്ങൾക്ക്‌ പോലും ചികിത്‌സയെന്നവകാശപ്പെടുന്ന ഈ കപടവൈദ്യം (ഹൃദ്രോഗം, കാഴ്‌ചക്കുറവ്‌, തലവേദന, മസ്‌തിഷ്‌കരോഗങ്ങൾ), ശരിയായ ചികിത്‌സ തേടുന്നതിൽ നിന്നും രോഗിയെ തടയാം/വൈകിക്കാം.

*രക്‌തം കട്ടപിടിക്കാത്ത ഹീമോഫീലിയ പോലുള്ള രോഗങ്ങൾ, രക്‌തം കട്ട പിടിക്കാതിരിക്കാൻ മരുന്ന്‌ കഴിക്കുന്ന ഹൃദ്രോഗികൾ, പക്ഷാഘാത ബാധിതർ തുടങ്ങിയവർക്ക്‌ സാരമായ രക്‌തസ്രാവമുണ്ടാകാം.

*മുറിവുണ്ടാക്കുന്ന സ്‌ഥലം കൃത്യമായി വൃത്തിയാക്കാത്തതും, ശരീരത്തിലുണ്ടാക്കുന്ന തുറന്ന മുറിവുകളും അണുബാധയുണ്ടാക്കാം. പ്രമേഹരോഗികളെ ഇത്‌ സാരമായി ബാധിക്കാം.

*വിളർച്ചക്കുള്ള സാധ്യത അധികരിപ്പിക്കുന്നു. കൂടാതെ കൃത്യമായി ശരീരശാസ്‌ത്രമറിയാത്തവർ ചെയ്യുന്ന പ്രക്രിയകൾക്ക്‌ അപകടസാധ്യതയേറെയാണ്‌.

വാൽക്കഷണം: രക്തം കളഞ്ഞേ പറ്റൂ എന്ന് നിർബന്ധമുള്ളവർ ദയവായി രക്തം ദാനം ചെയ്യുക. മിനിമം നാലാൾക്കാരുടെ ജീവനെങ്കിലും രക്ഷപെടും.

എഴുതിയത്: Dr. Nelson Joseph, Dr. Kiran Narayanann, Dr. Doc Jamal & Dr. Jinesh PS
@infoclinic


 

ഹിജാമ എന്നതു ഒരു ഇസ്ലാമിക ചികിത്സാരീതിയാണെന്നും അതിനാലീ പോസ്റ്റ് മതത്തിനെതിരാണെന്നുമുള്ള രീതിയിൽ ആയിരുന്നു പേജിനെതിരേയുള്ള കാമ്പയിൻ.

“ ഇൻഫോ ക്ലിനിക്ക് എന്നത് 26 ഡോക്ടർമാരും ഒരു സൈബർ സാങ്കേതിക വിദഗ്ദനും അടങ്ങിയ കൂട്ടായ്മയാണു. പേജിലിടുന്ന ഓരോപോസ്റ്റും വ്യക്തമായി ഓരോരുത്തരും പരിശോധിച്ചശേഷം മാത്രമാണു ഇടുന്നത്. ഒരുമതത്തിനേയും അവഹേളിക്കുക എന്നത് പേജിന്റെ ലക്ഷ്യമല്ല. പൊതുജനാരോഗ്യത്തെ ബാധിക്കുംവിധം നുണപ്രചാരണങ്ങൾ നടത്തുന്ന കപടചികിത്സകരേയും വാക്സിൻ വിരുദ്ധരേയും തുറന്നുകാട്ടുക എന്നതാണു പേജിന്റെ ലക്ഷ്യം. ഹിജാമ ഒരു ശാസ്ത്രീയമായ ചികിത്സാരീതിയല്ല. അതുകൊണ്ട് ഗുണമൊന്നുമില്ല എന്നുമാത്രമല്ല രോഗികളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ചികിത്സാരീതികൂടിയാണിത്. അതുകൊണ്ടാണു അതിന്റെ ശാസ്ത്രീയതയെ സംബന്ധിച്ച ഒരു പോസ്റ്റ് ഞങ്ങൾ പ്രസിദ്ധീകരിച്ചത്. എന്നാലതിന്റെ മതപരമായ സാധുത അവകാശപ്പെട്ടുകൊണ്ടുള്ള കമന്റുകളായിരുന്നു പോസ്റ്റിനുതാഴെ വന്നത്. ഹിജാമ ഒരു മതപരമായ അനുഷ്ഠാനമാണെങ്കിൽ അതു അങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണു. എന്നാൽ അതു ചികിത്സാരീതിയാണെന്നു പറഞ്ഞുകൊണ്ട് പൊതുജനത്തെ ചികിത്സിക്കാൻ ഇറങ്ങുന്നത് അശാസ്ത്രീയവും നിയമവിരുദ്ധവുമാണു,” ഇൻഫോ ക്ലിനിക്കിന്റെ വക്താവ് പറഞ്ഞു.
ഇൻഫോക്ലിനിക്ക് അണിയറപ്രവർത്തകരുടെ വിശദീകരണം:


ഹിജാമയുടെ വക്താവായി പോസ്റ്റിൽ കമന്റ് ചെയ്യാൻ വന്ന ബിസ്മില്ല കടയ്ക്കൽ എന്നയാളിനു മനുഷ്യശരീരത്തെക്കുറിച്ചു പ്രൈമറിക്ലാസ്സുകളിൽ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചുപോലും ധാരണയുണ്ടായിരുന്നില്ല. സിനിമാ തിയറ്ററിൽ കാണിക്കുന്ന പുകവലിവിരുദ്ധപരസ്യത്തിലെ ശ്വാസകോശത്തിനെ ഇദ്ദേഹം കരൾ ആയിട്ടാണു മനസ്സിലാക്കിയത് എന്നു ഇദ്ദേഹത്തിന്റെ കമന്റ് തെളിയിക്കുന്നു.