ആടിനറിയില്ലല്ലോ പണമാണെന്ന്; യുപിയില്‍ വിശന്നു വലഞ്ഞ ആട് ചവച്ചകത്താക്കിയത് അരലക്ഷത്തിന്റെ നോട്ടുകള്‍

single-img
7 June 2017

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ വിശന്ന് വലഞ്ഞ ആട് ചവച്ച് അരച്ചത് 66,000 രൂപ വരുന്ന നോട്ടുകള്‍. കാന്‍പൂരിലെ സിലുവാപൂര്‍ ഗ്രാമത്തിലാണ് കര്‍ഷകനായ സര്‍വ്വേശ് കുമാര്‍ പല്ലിന് വീട്ടില്‍ വളര്‍ത്തുന്ന ആട് വമ്പന്‍ പണി കൊടുത്തത്. സര്‍വ്വേശ് കുളിക്കാന്‍ പോയ നേരത്ത് ട്രൗസറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 2000 രൂപ നോട്ടിന്റെ കെട്ട് ആട് അകത്താക്കുകയായിരുന്നു.

സര്‍വ്വേശ് തന്റെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരുതി വെച്ച തുകയായിരുന്നു അത്. ആട് നോട്ട് ചവയ്ക്കുന്നത് കണ്ട ഇദ്ദേഹം അപകടം തിരിച്ചറിഞ്ഞ് നോട്ട് തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ആകെ തിരിച്ച് കിട്ടിയത് 2000 രൂപയുടെ രണ്ട് നോട്ടുകള്‍ മാത്രം. ബാക്കി നോട്ടുകളെല്ലാം തന്നെ ഉപയോഗശൂന്യമായ നിലയിലാണ്. 31 ഓളം നോട്ട് ആട് അകത്താക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.

പേപ്പര്‍ ചവച്ച് അകത്താക്കുന്നതില്‍ പണ്ടേ ആട് വിദഗ്ധനാണ് എന്ന് സര്‍വ്വേശ് പറയുന്നു. സംഭവം അറിഞ്ഞ് എത്തുന്ന നാട്ടുകാരെല്ലാം ആടിനൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലാണ്. ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കി ആടിനെ ഛര്‍ദ്ദിപ്പിച്ച് നോട്ട് വീണ്ടെടുക്കണമെന്ന് ചിലര്‍ ഉപദേശവും നല്‍കുന്നുണ്ടെന്ന് സര്‍വ്വേശ് മാധ്യമങ്ങളോട് പറഞ്ഞു. ആട് ചെയ്തത് ക്രിമനല്‍ തെറ്റാണെന്നും പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. ഇത്രയും പണി ഒപ്പിച്ച ആടിനെ അറക്കാന്‍ കൊടുക്കണമെന്നാണ് ചിലര്‍ പറയുന്നത്.

പക്ഷേ ഇതൊക്കെ കേട്ട് ആടിനെ ഉപേക്ഷിക്കാനൊന്നും സര്‍വ്വേശ് തയാറാല്ല. ആട് സ്വന്തം കുട്ടിയെ പോലെയാണെന്ന് ആശ്വസിച്ച് നഷ്ടം സഹിക്കാന്‍ തയാറായിരിക്കുകയാണ് സര്‍വ്വേശും ഭാര്യയും.