ഡൽഹിയിൽ സീതാറാം യെച്ചൂരിയ്ക്കു നേരേ ഹിന്ദുസേനയുടെ ആക്രമണം

single-img
7 June 2017

ന്യൂഡൽഹി: ഡൽഹി ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള  എകെജി ഭവനിൽ  സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുമ്പോഴാണു സംഭവമുണ്ടായത്. യെച്ചൂരിയുടെ നേരേ കയ്യേറ്റത്തിനു ശ്രമിച്ച അക്രമികൾ അദ്ദേഹത്തെ പിടിച്ചുതള്ളുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ ഇ വാർത്തയോട് പറഞ്ഞു.

സി പി എം ഓഫീസിന്റെ മുകളിലത്തെ നിലയിലെ മീഡിയറൂമിലേയ്ക്ക് മാധ്യമപ്രവർത്തകരാണെന്ന വ്യാജേന കയറിച്ചെന്ന രണ്ടുപേർ യെച്ചൂരി വാതിൽക്കൽ എത്തുമ്പോൾ പിന്നിൽ നിന്നും പെട്ടെന്ന് മുദ്രാവാക്യം വിളികളുമായി ഓടിയടുക്കുകയായിരുന്നു. “സി പി എം മൂർദ്ദാബാദ്, ഭാരത് മാതാ കീ ജയ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഇവർ ഭാരതീയ ഹിന്ദുസേനയുടെ പ്രവർത്തകരാണെന്നാണു അവകാശപ്പെട്ടത്.

കയ്യേറ്റശ്രമങ്ങളെ യെച്ചൂരിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീനാരായണ എന്നയാളും അദ്ദെഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും ചേർന്നു തടയുകയും അക്രമികളെ പിടികൂടി പുറത്തുണ്ടായിരുന്ന പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി സി പി ഐ  എമ്മിനെ രാജ്യവിരുദ്ധ പാർട്ടിയായി ചിത്രീകരിച്ചുകൊണ്ട് ചില ദേശീയമാധ്യമങ്ങൾ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ ബാ‍ക്കിപത്രമാകാം ഈ ആക്രമണമെന്നു കരുതപ്പെടുന്നു.

ഇത്തരം ആക്രമണങ്ങളിലൂടെ  തങ്ങളെ ‘കൌ‘ ഡൌൺ ചെയ്യാൻ കഴിയില്ലെന്ന് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

“ഞങ്ങളെ നിശബ്ദരാക്കാനുള്ള സംഘപരിവാറിന്റെ ഗുണ്ടാപ്പണിയാണിത്. അതു നടക്കില്ല. ഇതു ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടമാണു. അതു ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും”- യെച്ചൂരി ട്വിറ്ററിൽക്കുറിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ എന്നനിലയിൽ ഇത്തരം അപകടങ്ങളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് സി പി ഐ എം കേന്ദ്രക്കമ്മിറ്റിയംഗം വിജൂ കൃഷ്ണൻ ഇ വാർത്തയോട് പറഞ്ഞു. ഇത്തരം ഭീരുത്വപരമായ ആക്രമണങ്ങൾ കൊണ്ട് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ നിന്നും സി പി ഐ (എം) പിന്മാറുകയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.