ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി: ഹൈക്കോടതി അന്തിമ വിധി ഇന്ന്

single-img
7 June 2017

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.

കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് കണ്ടാല്‍ പുനഃപരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരുമദ്യശാലയും തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി നഗരസഭാംഗം വി പി ഇബ്രാഹിംകുട്ടി നല്‍കിയ പുനപരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ഇന്നലെ അറിയിച്ചിരുന്നു. ബാറുടമകളുടെയും സര്‍ക്കാരിന്റെയും വാദം കേട്ടശേഷം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.