ആഡംബര വിവാഹം; നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടി

single-img
7 June 2017

തൃശ്ശൂര്‍: നാട്ടിക എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദമായ പശ്ചാത്തലത്തില്‍ സി.പി.ഐ സംസ്ഥാന കമ്മറ്റി വിശദീകരണം തേടി. സംസ്ഥാന കമ്മറ്റി പാര്‍ട്ടി ജില്ലാ കമ്മിറ്റിയോടാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ആഡംബരമായി മകളുടെ വിവാഹം നടത്തിയത് വിവാദമായതിനെത്തുടര്‍ന്നാണ് സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ രംഗത്ത് വന്നത്.

ആര്‍ഭാട വിവാഹം നിയന്ത്രിക്കണം എന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച പ്രമേയത്തെ കയ്യടിച്ച് പിന്‍തുണച്ച നേതാവ് തന്നെ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിലെ ധൂര്‍ത്തിനെതിരെ വിശദീകരണം തേടാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സര്‍വാഭരണ വിഭൂഷിതയായ എം.എല്‍.എയുടെ മകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനമാണുണ്ടായത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്. മകള്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ചര്‍ച്ചകളും വിവാദങ്ങളും ആരംഭിക്കുന്നത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ദേവസ്വം ഓഡിറ്റോറിയത്തില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ കഴിയാത്തത് മൂലം തലേന്നാള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സല്‍ക്കാരവും വിവാദമായിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് എം.എല്‍.എയുടെ ഭര്‍ത്താവ്. ഈ മാസം പത്തിനു ചേരുന്ന സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ആര്‍ഭാട വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയത്.