നോമ്പുകാലവും ഭക്ഷണവും

single-img
7 June 2017

റംസാന്‍ നോമ്പുകാലത്തെ ഉപവാസം ഇസ്ലാം മതവിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. നോമ്പുകാലത്ത് സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ വിശ്വാസികള്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നു. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് മനസും ശരീരവും ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ അതിലൂടെ നേടിയെടുക്കുന്ന ആരോഗ്യം ചെറുതല്ല. എന്നാല്‍, പലപ്പോഴും അശാസ്ത്രീയമായ നോമ്പുതുറ രീതികള്‍ പിന്തുടരുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

നോമ്പുകാലത്തെ ഭക്ഷണം

നോമ്പനുഷ്ഠിക്കുമ്പോള്‍ ഭക്ഷണരീതി തികച്ചും ലാളിത്യമാര്‍ന്നതായിരിക്കണം. നോമ്പ് തുറക്കാന്‍ ലഘുഭക്ഷണമാണ് നല്ലത്. മത്സ്യമാംസ വിഭവങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഒഴിവാക്കണം. ഇറച്ചിയും മത്സ്യവും മസാലകള്‍ കുറച്ച് ചുട്ടടുത്തോ, എണ്ണ കുറച്ചോ പാചകം ചെയ്യുക. ചപ്പാത്തിയും മറ്റും എണ്ണ ചേര്‍ക്കാതെ ചുട്ടെടുക്കുക. വറുത്തു കഴിക്കുന്നതിനു പകരം ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളാണ് നോമ്പുകാലത്ത് നല്ലത്.

ധാരാളം പഴങ്ങളും പച്ചക്കറിയും ഇലക്കറികളുമൊക്കെ നോമ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നിര്‍ജലീകരണം തടയാന്‍ അത്താഴത്തിനു മുമ്പും ശേഷവും നന്നായി വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം എന്നിവ നല്ല പാനീയങ്ങളാണ്. കോള, കഫീനടങ്ങിയ പാനീയങ്ങളായ കാപ്പി, സോഫ്റ്റ്ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കണം. ഏകദേശം 13 മണിക്കൂറോളം വിശ്രമത്തിലായിരുന്ന ദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക് പെട്ടെന്ന് അമിതഭക്ഷണമെത്തുമ്പോള്‍ അത് ദഹനക്കേടിനും അസിഡ്റ്റിക്കുമൊക്കെ കാരണമാകും.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത്‌

നോമ്പുകാലത്ത് പ്രമേഹരോഗികള്‍ പഞ്ചസാര, ശര്‍ക്കര, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. മധുരം കുറഞ്ഞ തണ്ണിമത്തങ്ങ, ഓറഞ്ച്, മുന്തിരി, ആപ്പിള്‍, പേരയ്ക്ക എന്നിവ മിതമായ അളവില്‍ കഴിക്കാം. പതിവായി കഴിക്കുന്ന മരുന്നുകള്‍ നോമ്പ് തുറക്ക് ശേഷം മുടങ്ങാതെ കഴിക്കണം. മരുന്ന് കഴിക്കുന്നവരും ഇന്‍സുലിന്‍ കുത്തിവെക്കുന്നവരും ഡോസും സമയക്രമവും സ്വയം നിശ്ചയിക്കാതെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

നോമ്പുകാലത്ത് ചിലരില്‍ ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതാണിതിന് കാരണം. പെട്ടെന്നുണ്ടാവുന്ന ക്ഷീണം, തളര്‍ച്ച, വിയര്‍പ്പ്, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

നോമ്പുകാലത്ത് പ്രമേഹരോഗികള്‍ അവരുടെ മരുന്നുകളുടെ ഡോസിലും കഴിക്കുന്ന സമയത്തിലും വ്യതിയാനം വരുത്തിയാല്‍ ഇത് ഒഴിവാക്കാനാവും. എന്തെങ്കിലും കാരണവശാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് അമിതമായ ദാഹം, വിശപ്പ്, തലകറക്കം, നെഞ്ചിടിപ്പ്, കൈവിറയല്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ മധുരമുളള എന്തങ്കെിലും കഴിച്ച് നോമ്പ് അവസാനിപ്പിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതും ചിലരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകാറുണ്ട്. പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതിരുന്ന ശേഷം രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു മൂലം പഞ്ചസാരയുടെ അളവ് പെട്ടെന്ന് ക്രമാതീതമായി ഉയരാം. ഇത് വൃക്കകളുടെയും കണ്ണുകളുടെയും പ്രവര്‍ത്തനത്തെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗികള്‍ ഭക്ഷണക്രമത്തെറിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.

അമിത ഭക്ഷണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

മണിക്കൂറുകളോളം ആഹാരം കഴിക്കാതെ നോമ്പ് തുറസമയത്ത് കഴിക്കുന്ന അമിതഭക്ഷണം പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എണ്ണ, നെയ്യ് കൊഴുപ്പ്, ഇറച്ചി, പഞ്ചസാര, മുട്ട, മൈദ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഒറ്റയടിക്ക് കഴിച്ചാല്‍ അവ ദഹിപ്പിക്കാന്‍ ആമാശയം, കരള്‍, വയര്‍, പിത്തസഞ്ചി എന്നി അവയവങ്ങള്‍ കഠിന പ്രയത്‌നം ചെയ്യേണ്ടി വരും.

നോമ്പ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിലരില്‍ കണ്ടുവരുന്ന ദഹനക്കുറവ്, നെഞ്ചരെിച്ചില്‍, വായ്പ്പുണ്ണ്, മലബന്ധം, ക്ഷീണം, സന്ധിവേദന എന്നീ ലക്ഷണങ്ങള്‍ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ തിക്തഫലങ്ങളാണ്. മുപ്പത് ദിവസവും ഇത്തരം ഭക്ഷണങ്ങള്‍ അമിതതോതില്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, അള്‍സര്‍, പൈല്‍സ് തുടങ്ങി വിവിധതരം രോഗങ്ങളാണെന്ന് മറക്കാതിരിക്കുക.