വിപണിയില്‍ ഒന്നാമനാകാന്‍ കിടിലന്‍ ഗെറ്റപ്പില്‍ ബിഎംഡബ്ല്യു 8 സീരീസ്

single-img
7 June 2017

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പിലാണ് ജര്‍മന്‍ ഭീമനായ ബി.എം.ഡബ്ല്യു. അതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ രംഗത്ത് പുത്തന്‍ പദ്ധതികള്‍ ഒരുക്കുന്നത്. ‘നമ്പര്‍ വണ്‍ നെക്സ്റ്റ് സ്ട്രാറ്റജി’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പുതിയ മോഡലുകളെയും കണ്‍സെപ്റ്റുകളെയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള ആദ്യചുവട് വെയ്പ്പായിരുന്നു കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന തങ്ങളുടെ പുതിയ കണ്‍സെപ്റ്റിന്റെ അവതരണം.

‘8 സീരീസ്’ കൂപ്പെയുടെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി വന്‍ ആഘോഷത്തോടെ പുറത്തിറക്കിയത്. അടുത്ത വര്‍ഷം വാഹനം പുറത്തിറക്കുമെന്ന വാഗ്ദാനത്തിലായിരുന്നു കണ്‍സെപ്റ്റ് അവതരണം. സാങ്കേതികതയ്ക്കപ്പുറം രൂപകല്‍പ്പനയിലും കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളാണ് ഈ കണ്‍സെപ്റ്റില്‍ തെളിയുന്നത്. നീല കലര്‍ന്ന ചാരനിറത്തിന് ബാഴ്‌സലോണ ഗ്രേ ലിക്വിഡ് എന്നാണ് പേര്. 21 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ വാഹനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.

വലിയ കിഡ്‌നിഗ്രില്‍, നീണ്ടു മെലിഞ്ഞ ഹെഡ്‌ലൈറ്റുകള്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിങ്ങനെ ഓരോന്നിലും ബി.എം.ഡബ്ല്യു ടച്ച് നിലനിറുത്തിയിട്ടുണ്ട്. ഉള്ളില്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഷെല്‍ സ്‌പോര്‍ട്‌സ് സീറ്റുകള്‍, അലുമിനിയം കൊണ്ട് നിര്‍മിച്ച സ്റ്റിയറിങ് വീല്‍, സ്വരോവ്‌സ്‌കി ചില്ലുകൊണ്ടു നിര്‍മിച്ച ഐ. ഡ്രൈവ് കണ്‍ട്രോളര്‍, എന്നിങ്ങനെ പോകുന്നു കാറിന്റെ മാഹാത്മ്യം. എന്നാല്‍, കരുത്തിനെക്കുറിച്ച് കമ്പനി ഒന്നും പറയുന്നില്ല. ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 എന്‍ജിനായിരിക്കും ബോണറ്റിനടിയിലുണ്ടായിരിക്കുക എന്നാണ് കരുതുന്നത്