കോടതിയുമായി ഏറ്റുമുട്ടലിനില്ല; കോടതി ഉത്തരവിനെ തുടര്‍ന്ന് തുറന്ന ബാറുകള്‍ പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി

single-img
7 June 2017

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം, ചേര്‍ത്തല, കുറ്റിപ്പുറം, കണ്ണൂര്‍ പാതയോരങ്ങളില്‍ തുറന്ന ബാറുകളും ബിയര്‍ പാര്‍ലറുകളും പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാറുകള്‍ പൂട്ടണമെന്നല്ല സുപ്രീംകോടതി പറഞ്ഞത്. ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഏപ്രില്‍ ഒന്നിനകം ബാറുകള്‍ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. ഇതുപ്രകാരം മാര്‍ച്ചില്‍ തന്നെ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി ഒറ്റ മദ്യഷാപ്പുകള്‍ പോലും തുറന്നിട്ടില്ല. മറിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പല മദ്യഷാപ്പുകളും പൂട്ടുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പുമായി തര്‍ക്കങ്ങളില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.