ചേര്‍ത്തല-തിരുവനന്തപുരം ദേശീയപാത തന്നെ; തുറന്ന മദ്യശാലകള്‍ പൂട്ടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
7 June 2017

കൊച്ചി: ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയ പാത തന്നെയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള പാത ദേശീയ പാതയാണോയെന്നതില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ദശീയപാത അതോറിറ്റിയോടു റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ പറഞ്ഞു.

ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാര്‍ ഉടമകളുടെയും സര്‍ക്കാരിന്റെയും വാദം നടക്കവെയാണ് ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയ പാത തന്നെയാണെന്ന് സര്‍ക്കാര്‍ അറിയിച്ചത്. തുറന്ന 13 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ അടച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെയും ബാര്‍ ഉടമകളുടെയും വാദം നടക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

മദ്യശാലകള്‍ക്കു ലൈസന്‍സ് നല്‍കിയ എക്‌സൈസ് നടപടിയെ വാദം നടക്കവെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ‘മിടുക്കന്‍മാരാണ്’ ഇത്തരം ഉദ്യോഗസ്ഥരെന്നാണ് കോടതി പറഞ്ഞത്. വിധി പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് കമ്മീഷണര്‍മാരാണ് കോടതിയില്‍ ഹാജരാകേണ്ടത്.

പിഡബ്ല്യുഡി പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. പൊതുമരാമത്ത് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. കേസ് ജൂണ്‍ 14 നു വീണ്ടും പരിഗണിക്കും. കോടതിവിധിയില്‍ ദുരൂഹതയുണ്ടെന്ന മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പരാമര്‍ശത്തെയും ഹൈക്കോടതി വീണ്ടും വിമര്‍ശിച്ചു. സുധീരന്റെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും പ്രസ്താവന കോടതിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു.