ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് ട്രംപ്;ഖത്തറിനെതിരായ നീക്കം ഭീകരവാദത്തിന്റെ അന്ത്യം കുറിക്കും.

single-img
6 June 2017

ന്യൂയോര്‍ക്ക്: അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. സൗദി സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം വന്നത്.ആദ്യമായാണു വിഷയത്തില്‍ അമേരിയ്ക്ക പ്രതികരിയ്ക്കുന്നത്.

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും കഴിഞ്ഞ ഞായറാഴ്ച അവസാനിപ്പിച്ചത്.

 

 


അതേ സമയം ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനകമ്പനിയുടെ സൗദിയിലെ ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നു ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തറിന് മേല്‍ സൗദി അറേബ്യയുടെ പുതിയ നടപടി പ്രവാസികളെ ഗുരുതരമായി ബാധിക്കും. മൂന്ന് ലക്ഷത്തോളം മലയാളികള്‍ ഖത്തറിലുണ്ടെന്നാണ് കണക്കുകള്‍.

 

അതേസമയം രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും ഉണ്ടാവില്ലെന്ന് ഖത്തര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ടെന്നും ഇനി അഥവാ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമീര്‍ വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇറാന്‍, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി ആവശ്യമായ ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുമെന്നും അടിയന്തരസാഹചര്യമുണ്ടായാല്‍ 12 മണിക്കൂര്‍ കൊണ്ട് ഇറാനില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്ന ഭയത്തില്‍ ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചതോടെ ഖത്തറിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്നലെ കാലിയായതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ അനാവശ്യമായി ഭക്ഷ്യവസ്തുകള്‍ വാങ്ങി ശേഖരിക്കരുതെന്നും ഇത് അനാവശ്യക്ഷാമത്തിലേക്ക് വഴി തെളിയിക്കുമെന്നും അധികൃതര്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് ഭക്ഷ്യവസ്തുകളുമായി വന്ന നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാവുമോ എന്ന ആശങ്ക പരന്നതോടെ ഖത്തര്‍ ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് അവിടെ നിന്ന് അധിക ഭക്ഷ്യവസ്തുകള്‍ കപ്പല്‍ വഴി ഖത്തറിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.