മധ്യപ്രദേശ് കർഷക സമരം: വെടിയേറ്റുമരിച്ച കർഷകരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു മുൻ കേന്ദ്രമന്ത്രി കമൽനാഥ്

single-img
6 June 2017

മധ്യപ്രദേശിൽ കർഷകസമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ്. കർഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായവും നിർബ്ബന്ധിതമായി നടപ്പാക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ സമരം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുകർഷകരാണു കൊല്ലപ്പെട്ടത്. പശ്ചിമ മധ്യപ്രദേശിലെ മൻഡ്സോറിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. മൻഡ്സോർ-നീമച്ച് ഹൈവേയിൽ നടന്ന പ്രക്ഷോഭത്തിനു നേരേ പോലീസ് വെടിവെയ്ക്കുകയായിരുന്നു.

“ കേന്ദ്രത്തിലെ മോദി സർക്കാരിന്റേയും ശിവരജാ സിംഗ് ചൌഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരിന്റേയും നയങ്ങൾമൂലം കർഷകർ കടത്തിലാണു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലലഭിക്കാത്തതുമൂലം തങ്ങളൂടെ വിളകൾ ഉപേക്ഷിച്ചുകളയാൻ കർഷകർ നിർബ്ബന്ധിതരാകുകയാണു,” കമൽനാഥ് പറഞ്ഞു.

സർക്കാരിന്റെ ഭാഗത്തുനിന്നും ദുരിതാശ്വാസം ലഭിക്കുന്നതിനായി മാസങ്ങളായി സമരം ചെയ്ത കർഷകരെ സർക്കാർ നിർദ്ദാക്ഷിണ്യം അവഗണിച്ചെന്നുംകമൽനാഥ് ആരോപിച്ചു.

“സർക്കാരിന്റെ അവഗണന സഹിക്കവയ്യാതെയാണു കർഷകർ സമാധനപരമായ സമരത്തിലേയ്ക്ക് നീങ്ങിയത്. എന്നാൽ ശിവരാജ് സിംഗ് ചൌഹാന്റെ പോലീസ് അവരെ വെടിവെയ്ക്കാൻ ആണു തീരുമാനിച്ചത്,” കമൽനാഥ് പറഞ്ഞു.

കർഷകരെ വെടിവെച്ചുകൊന്ന സർക്കാർ നടപടിയെ കോൺഗ്രസ്സ് അപലപിച്ചു. “ഇന്നത്തെ ദിവസം മധ്യപ്രദേശിന്റെ ചരിത്രത്തിലെ കറുത്തദിനമായി അറിയപ്പെടും. കർഷകരുടേ നേർക്ക് വെടിവെച്ച സംഭവം ദുഃഖകരമാണു,” കോൺഗ്രസ്സ് നേതാവും ജ്യോതിരാദിത്യ സിന്ദിയ പറഞ്ഞു.