മധ്യപ്രദേശിൽ കർഷകസമരത്തിനു നേരേ പോലീസ് വെടിവെയ്പ്പ്: അഞ്ചു മരണം

single-img
6 June 2017

ഇൻഡോർ:  ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സമരം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുകർഷകർ കൊല്ലപ്പെട്ടു. പശ്ചിമ മധ്യപ്രദേശിലെ മൻഡ്സോറിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. മൻഡ്സോർ-നീമച്ച് ഹൈവേയിൽ നടന്ന പ്രക്ഷോഭത്തിനു നേരേ പോലീസ് വെടിവെയ്ക്കുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൻ, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് നാളെ മധ്യപ്രദേശിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉള്ളി, പരിപ്പ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കു മികച്ച വില ലഭിക്കണം, ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ചെയ്തതുപോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളുമായാണു കഴിഞ്ഞ നാലു ദിവസമായി കർഷകർ പ്രക്ഷോഭം നടത്തുന്നത്. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കർഷകർ കല്ലെറിയുകയും വാഹനങ്ങൾക്കു തീ ഇടുകയും ചെയ്തു.

പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കർഷകർ 12,000 ലീറ്റർ പാൽ റോഡിൽ ഒഴുക്കിക്കളഞ്ഞു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് പാലിനും പച്ചക്കറിക്കും ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

എന്നാൽ വെടിവെപ്പിൽ സർക്കാറിന് പങ്കില്ലെന്ന് ആഭ്യന്ത്ര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസോ സി ആർ പി എഫോ കർഷകർക്കുനേരേ വെടിവെച്ചിട്ടില്ലെന്നാണു ഇദ്ദേഹത്തിന്റെ വാദം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണാത്തിനു ഉത്തരവിട്ടതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഓഫീസ് അറിയിച്ചു. സമരം അക്രമാസക്തമായതിനുപിന്നിൽ കോൺഗ്രസ് ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 രൂപ നഷ്ടപരിഹാരം നൽകുമെന്നും ചൌഹാൻ അറിയിച്ചു.